ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്​ജിയായി നിയമിച്ചു ; ഏകപക്ഷീയ നടപടിയിൽ കേന്ദ്രത്തിനെതിരെ ജഡ്ജിമാർ

കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനം ചർച്ച ചെയ്യാൻ സുപ്രീംകോടതി ഫുൾകോർട്ട് വിളിക്കണമെന്ന് ജഡ്ജിമാർ
ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്​ജിയായി നിയമിച്ചു ; ഏകപക്ഷീയ നടപടിയിൽ കേന്ദ്രത്തിനെതിരെ ജഡ്ജിമാർ

ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്​ജിയായി നിയമിക്കാനുള്ള ഫയലിൽ​ കേന്ദ്ര സർക്കാർ ഒപ്പുവെച്ചു. വെള്ളിയാഴ്​ച ഇന്ദു മൽഹോത്ര  സത്യപ്രതിജ്​ഞ ചെയ്​ത്​ ചുമതലയേൽക്കും. അതിനിടെ കേന്ദ്രസർക്കാർ തീരുമാനത്തിൽ ജഡ്ജിമാർ കടുത്ത അതൃപ്തിയിലാണ്. കൊളിജീയം ശുപാർശയിൽ സർക്കാരിന്റെ ഏകപക്ഷീയ തീരുമാനമാണ് ജഡ്ജിമാരുടെ അതൃപ്തിക്കിടയാക്കിയത്. 

മൂന്നു മാസം മുമ്പാണ്​ ചീഫ്​ ജസ്​റ്റീസ്​ ദീപക്​ മിശ്ര, ജസ്​റ്റീസുമാരായ ചെലമേശ്വർ, രഞ്​ജൻ ഗോഗോയ്​, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരങ്ങിയ കൊളീജിയം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെയും, ഇന്ദു മൽഹോത്രയുടെയും പേരുകൾ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തത്. എന്നാൽ ഫയൽ വെച്ചു താമസിപ്പിച്ച കേന്ദ്രനിയമമന്ത്രാലയം ഒടുവിൽ, ഇന്ദു മൽഹോത്രയുടെ നിയമനത്തിന് മാത്രമാണ് അം​ഗീകാരം നൽകിയത്. ജസ്റ്റിസ് കെ എം ജോസഫിന്റെ ഫയൽ ഇപ്പോഴും കേന്ദ്രത്തിന്റെ പരി​ഗണനയിലാണ്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഭിപ്രായം പോലും തേടാതെയാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനം ചർച്ച ചെയ്യാൻ സുപ്രീംകോടതി ഫുൾകോർട്ട് വിളിക്കണമെന്ന് ജഡ്ജിമാർ വീണ്ടും ആവശ്യപ്പെട്ടു. നേരത്തെ സീനിയർ ജഡ്ജിമാരായ ചെലമേശ്വർ, കുര്യൻ ജോസഫ് തുടങ്ങിയവർ സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം വെച്ചു താമസിപ്പിക്കുന്നതിനെതിരെ രം​ഗത്തു വന്നിരുന്നു. 

അഭിഭാഷകരായിരി​ക്കെ സുപ്രീം കോടതി ജഡ്​ജിയായി നിയമനം ലഭിക്കുന്ന പ്രഥമ വനിതയാണ്​ ഇന്ദു മൽഹോത്ര. നിലവിൽ ആർ. ഭാനുമതി മാത്രമാണ്​ സുപ്രീം കോടതിയിലെ വനിത പ്രാതിനിധ്യം. ഇന്ദു മൽഹോത്രക്ക്​ മുമ്പ്​ ആറു വനിതകളാണ്​ സുപ്രീം കോടതി ജഡ്​ജിമാരായി നിയമിക്കപ്പെട്ടത്​. 1989ൽ ജസ്​റ്റീസ്​ ഫാത്തിമ ബീവിയാണ്​ സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്​ജി. ജസ്​റ്റീസുമാരായ സുജാത മനോഹർ, റുമ പാൽ, ജ്​ഞാൻ സുധ മിശ്ര, രഞ്​ജന ദേശായി എന്നിവരാണ്​ സുപ്രീംകോടതി ജഡ്ജിമാരായിരുന്നിട്ടുള്ള മറ്റ് വനിതകൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com