"ഡിഗ്രി ലഭിക്കാന്‍ സെക്‌സ്" ; ഒരു പ്രൊഫസര്‍ കൂടി അറസ്റ്റില്‍ ; സിബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ

സംഭവവുമായി ബന്ധപ്പെട്ട് ഗവേഷക വിദ്യാര്‍ത്ഥി കറുപ്പസാമി മധുര കോടതിയില്‍ കീഴടങ്ങിയിരുന്നു
"ഡിഗ്രി ലഭിക്കാന്‍ സെക്‌സ്" ; ഒരു പ്രൊഫസര്‍ കൂടി അറസ്റ്റില്‍ ; സിബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ

ചെന്നൈ : ഡിഗ്രി നേടാനും, സാമ്പത്തിക നേട്ടത്തിനുമായി സര്‍വകലാശാലയിലെ ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ ഉപദേശിച്ച സംഭവത്തില്‍ ഒരു പ്രൊഫസര്‍ കൂടി അറസ്റ്റില്‍. മധുര കാമരാജ് സര്‍വകലാശാലയിലെ സീനിയര്‍ പാക്കല്‍റ്റി മെമ്പറും, സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ വി മുരുഗനാണ് അറസ്റ്റിലായത്. 

രാത്രി അറസ്റ്റുചെയ്ത മുരുഗനെ രാവിലെ സത്തൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ അഞ്ചുദിവസത്തേക്ക് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന്റെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഗവേഷക വിദ്യാര്‍ത്ഥി കറുപ്പസാമി കഴിഞ്ഞദിവസം മധുര കോടതിയില്‍ കീഴടങ്ങിയിരുന്നു. 

വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ഉപദേശിച്ച അറുപ്പകോട്ടെ ഗേവാംഗ ആര്‍ട്‌സ് കോളേജി ഗണിതശാസ്ത്ര അധ്യാപികയായ പ്രൊഫസര്‍ നിര്‍മലാദേവിയെ ഈ മാസം 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനികളെ വലയിലാക്കാന്‍ പ്രൊഫസര്‍ മുരുഗനും, കറുപ്പസാമിയുമാണ് നിര്‍ബന്ധിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. 

മാര്‍ക്കിനും സാമ്പത്തിക നേട്ടത്തിനുമായി സര്‍വകലാശാലയിലെ ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ പ്രൊഫസര്‍ നിര്‍മലാദേവി നാലു വിദ്യാര്‍ത്ഥിനികളെ ഉപദേശിക്കുന്നത്, സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സംഭാഷണത്തിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ പേരും നിര്‍മല പറഞ്ഞിരുന്നു. ഗവര്‍ണറുമായി വരെ അടുത്ത ബന്ധമുണ്ടെന്നായിരുന്നു നിര്‍മല അവകാശപ്പെട്ടത്. 

കേസ് അന്വേഷണം സര്‍ക്കാര്‍ സി.ബി-സിഐഡിക്ക് കൈമാറുകയായിരുന്നു. കൂടാതെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ അന്വേഷണകമ്മീഷനായി നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ കൂടി ആരോപണവിധേയനായ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും ആവശ്യം. വിദ്യാര്‍ത്ഥിനികളെ ഉപദേശിച്ച അധ്യാപിക നിര്‍മല ദേവിയെ സര്‍വകലാശാല അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com