ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനശുപാര്‍ശ മടക്കി ; കേരളത്തിന് അമിത പ്രാധാന്യമെന്ന് കേന്ദ്രം 

സീനിയോറിട്ടി അടക്കമുള്ള കാര്യങ്ങളില്‍ പുനഃപരിശോധന വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു
ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനശുപാര്‍ശ മടക്കി ; കേരളത്തിന് അമിത പ്രാധാന്യമെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി : സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ എം ജോസഫിനെ ശുപാര്‍ശ ചെയ്ത നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി കൊളീജിയത്തോടാണ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച ഫയല്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. കെ എം ജോസഫിന്റെ നിയമനത്തിന് അംഗീകാരം നല്‍കാത്തത് രാഷ്ട്രീയമോ മറ്റ് കാരണങ്ങളാലോ അല്ലെ. മറിച്ച് പ്രാദേശിക സംതുലനം പാലിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

നിലവില്‍ കേരളത്തില്‍ നിന്ന് ഒരു ജഡ്ജി സുപ്രീംകോടതിയിലുണ്ട്. ജസ്റ്റിസ് കുര്യന്‍ ജോസഫ്. കെ എം ജോസഫ് കൂടി ജഡ്ജിയാകുമ്പോള്‍ കേരളത്തിന്റെ പ്രാതിനിധ്യം രണ്ടാകും. ഇത് പ്രാദേശിക അസന്തുലിതത്വത്തിന് കാരണമാകും. കൂടാതെ കെ എം ജോസഫിനേക്കാള്‍ സീനിയറായ പല ജഡ്ജിമാരും സുപ്രീംകോടതി ജഡ്ജിമാരാന്‍ യോഗ്യരായിട്ടുണ്ട്. കെ എം ജോസഫിന് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ അവരുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാകും.
 

ഈ സാഹചര്യത്തില്‍ സീനിയോറിട്ടി അടക്കമുള്ള കാര്യങ്ങളില്‍ പുനഃപരിശോധന വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരിയിലാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ കൊളീജിയം, ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫ്, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്. 

എന്നാല്‍ ഫയലില്‍ മൂന്നുമാസത്തോളം തീരുമാനം എടുക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്നലെയാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. വെള്ളിയാഴ്ച ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com