മോദി സര്‍ക്കാര്‍ നിയമ സംവിധാനത്തിനും മേലെയോ ? കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്ന് ഇന്ദിര ജയ്‌സിംഗ് 
മോദി സര്‍ക്കാര്‍ നിയമ സംവിധാനത്തിനും മേലെയോ ? കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷം. മോദി സര്‍ക്കാര്‍ നിയമസംവിധാനത്തിനും മേലെയാണോയെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചു. നിലവിലെ നിയമപ്രകാരം ജഡ്ജിമാരുടെ നിയമനത്തില്‍, സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അടങ്ങുന്ന കൊളീജിയത്തിന്റെ തീരുമാനമാണ് അന്തിമം. ഈ കൊളീജിയമാണ് ജസ്റ്റിസ് കെ എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ നല്‍കിയത്. എന്നാല്‍ കൊളീജിയം തീരുമാനം നടപ്പാക്കാതെ കേന്ദ്രസര്‍ക്കാര്‍ നിയലംഘനമാണ് നടത്തുന്നതെന്ന് ചിദംബരം കുറ്റപ്പെടുത്തി. 

ഒടുവില്‍ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിമായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സന്തോഷമുണ്ട്. എന്നാല്‍ ജസ്റ്റിസ് കെ എം ജോസഫിന്റെ സ്ഥാനക്കയറ്റത്തിന് അംഗീകാരം നല്‍കാത്തതെന്താണെന്ന് ചിദംബരം ചോദിച്ചു. അദ്ദേഹത്തിന്റെ സംസ്ഥാനമാണോ, മതമാണോ, അതോ ഉത്തരാഖണ്ഡ് കോടതിയില്‍ ഇരിക്കെ പുറപ്പെടുവിച്ച വിധികളാണോ നിയമനത്തിന് തടസ്സമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. 

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി കേന്ദ്രതീരുമാനം റദ്ദാക്കി. ഇതോടെ ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭരണത്തില്‍ തിരിച്ചുവരാന്‍ അവസരം ഒരുങ്ങി. ഈ കേസില്‍ പുറപ്പെടുവിച്ച വിധിയാണ് ജസ്റ്റിസ് കെ എം ജോസഫിനെ ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കണ്ണിലെ കരടാക്കി മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ജോസഫിനെ ആന്ദ്രപ്രദേശ്- തെലങ്കാന സംയുക്ത ഹൈക്കോടതിയുടെ ചുമതല നല്‍കാനുള്ള നീക്കവും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. 

കൊളീജിയം ശുപാര്‍ശ അംഗീകരിക്കാത്ത കേന്ദ്രനടപടിയില്‍ അഭിഭാഷകര്‍ക്കിടയിലും അതൃപ്തി പുകയുകയാണ്. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി സുപ്രീംകോടതി ജഡ്ജിയായുള്ള ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ മാറ്റിവെക്കാന്‍ മുതിര്‍ന്ന അഭിഭാഷകയും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടാണ് ഇന്ദിര ജയ്‌സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനായി, ജസ്റ്റിസ് ജോസഫിന്റെ നിയമനത്തിന് അംഗീകാരം ലഭിക്കും വരെ ഇന്ദുവിന്റെ സത്യപ്രതിജ്ഞ വൈകിക്കണമെന്നാണ് ആവശ്യം. കൊളീജിയം ശുപാര്‍ശ നല്‍കി മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com