'ശ്രീകൃഷ്ണൻ ഒബിസിക്കാരൻ ; അംബേദ്കറും നരേന്ദ്ര മോദിയും ബ്രാഹ്മണർ' :  ഗുജറാത്ത് സ്പീക്കർ

ബ്രാഹ്മണ സമുദായം അറിവു നേടുകയും രാജാക്കന്‍മാരെയും ദൈവങ്ങളെയും സൃഷ്ടിക്കുകയുമാണ് ചെയ്തത്
'ശ്രീകൃഷ്ണൻ ഒബിസിക്കാരൻ ; അംബേദ്കറും നരേന്ദ്ര മോദിയും ബ്രാഹ്മണർ' :  ഗുജറാത്ത് സ്പീക്കർ

അഹമ്മദാബാദ്: ശ്രീകൃഷ്ണൻ ഒബിസിക്കാരനാണെന്നും, ബ്രാഹ്മണനായ ഋഷിവര്യൻ സാന്ദീപനിയാണ് കൃഷ്ണനെ ഭഗവാനാക്കിയതെന്ന് ​ബിജെപി നേതാവും ഗുജറാത്ത് സ്പീക്കറുമായ രാജേന്ദ്ര ത്രിവേദി അഭിപ്രായപ്പെട്ടു. ​ഗാന്ധിന​ഗറിൽ മെ​ഗാ ബ്രാഹ്മിൻ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമൻ ക്ഷത്രിയനാണ്. ഋഷികളും മുനിമാരുമാണ് അദ്ദേഹത്തെ ദൈവമാക്കിയതെന്നും രാജേന്ദ്ര ത്രിവേദി പറഞ്ഞു. 

അറിവുള്ളവരാണ് ബ്രാഹ്മണർ. ആ അർത്ഥത്തിൽ  ബി ആർ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രാഹ്മണരാണ്. അംബേദ്കര്‍ എന്നത് ബ്രാഹ്മണ നാമമാണ്. ബ്രാഹ്മണനായ ഗുരുവാണ് അദ്ദേഹത്തിന് ആ പേര് നല്‍കിയത്. അറിവു നേടിയ ആളെ ബ്രാഹ്മണനെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ആ ആര്‍ഥത്തില്‍ നമ്മുടെ പ്രധാനമന്ത്രി മോദിജിയും ബ്രാഹ്മണനാണ്' അദ്ദേഹം പറഞ്ഞു. 

ബ്രാഹ്മണ സമുദായം അറിവു നേടുകയും രാജാക്കന്‍മാരെയും ദൈവങ്ങളെയും സൃഷ്ടിക്കുകയുമാണ് ചെയ്തത്. അല്ലാതെ ബ്രാഹ്മണ സമുദായം ഒരിക്കലും അധികാരത്തിനായി ദാഹിച്ചിട്ടില്ല. ചന്ദ്രഗുപ്ത മൗര്യ രാജാവിന് തന്ത്രങ്ങള്‍ മെനഞ്ഞ ചാണക്യനെ പരാമര്‍ശിച്ചു കൊണ്ട് ത്രിവേദി പറഞ്ഞു. തിളച്ച പാലിന്റെ മേല്‍ അടിഞ്ഞു കൂടുന്ന പാല്‍ക്കട്ടിയായാണ് ബ്രാഹ്മണ സമുദായത്തെ ത്രിവേദി താരതമ്യം ചെയ്തത്.

ഗോകുലത്തില്‍ ആട്ടിടയനായ കൃഷ്ണന്‍ ഇന്നത്തെ കാലത്ത് ഒബിസിയില്‍ പെട്ടവനാണ്. മത്സ്യകന്യകയുടെ പുത്രനായ വ്യാസനെ വരെ ബ്രാഹ്മണര്‍ ദൈവമാക്കി. അഞ്ച് രാഷ്ട്രപതിമാരെയും ഏഴ് പ്രധാനമന്ത്രിമാരെയും 50 മുഖ്യമന്ത്രിമാരെയും 50ലധികം ഗവര്‍ണ്ണര്‍മാരെയും 27 ഭാരതരത്‌ന വിജയികളെയും ഏഴ് നോബല്‍ സമ്മാനാര്‍ഹരെയും ബ്രാഹ്മണ സമുദായം ഇന്ത്യയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും രാജേന്ദ്ര ത്രിവേദി പറഞ്ഞു. 

മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലായിരുന്നു ബ്രാഹ്മണരെ പുകഴ്ത്തിയുള്ള ത്രിവേദിയുടെ പ്രസംഗം. ഋഷിമാരും മുനിമാരുമെല്ലാം ബ്രാഹ്മണരാണ്. രാജേന്ദ്രഭായ് പറഞ്ഞതെല്ലാം ശരിയാണെന്നായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാനിയുടെ പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com