സിപിഐ പാർട്ടി കോൺ​ഗ്രസിന് ഇന്ന് സമാപനം ; കേന്ദ്രനേതൃത്വത്തിൽ വൻ അഴിച്ചുപണിയ്ക്ക് സാധ്യത

എസ് സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറിയായി തുടർന്നേക്കും
സിപിഐ പാർട്ടി കോൺ​ഗ്രസിന് ഇന്ന് സമാപനം ; കേന്ദ്രനേതൃത്വത്തിൽ വൻ അഴിച്ചുപണിയ്ക്ക് സാധ്യത

കൊല്ലം : കൊല്ലത്ത് നടക്കുന്ന സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. കേന്ദ്ര നേതൃത്വത്തിൽ വൻ അഴിച്ചു പണി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി ആയി തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര സെക്രട്ടറിയേറ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്നും 11 ആക്കും. 

വൃദ്ധരുടെ നേതൃ നിരയെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ച കേന്ദ്ര നേതൃത്വത്തില്‍ സമഗ്രമായ മാറ്റമാണ് കൊല്ലത്ത് പ്രതീക്ഷിക്കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ മാറാമെന്ന് ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഢി പറഞ്ഞിട്ടുണ്ടെങ്കിലും പകരം ആളുടെ കാര്യത്തില്‍ സമവായം ആയിട്ടില്ല. സുധാകർ റെഡ്ഡി തുടർന്നാൽ അതുല്‍ കുമാര്‍ അഞ്ജനോ, ഡി.രാജയോ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആകും. നിലവിലെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ​ഗുരുദാസ് ദാസ് ​ഗുപ്ത ഒഴിയും. 

ദേശിയ കൗണ്‍സിലില്‍ 20 ശതമാനം പുതുമുഖങ്ങള്‍ ഉണ്ടാകും. കേരള പ്രതിനിധികളിലും മാറ്റത്തിന് സാധ്യതയുണ്ട്. ദേശീയ കൗണ്‍സിലിലേക്ക് കേരളത്തിൽ നിന്ന് 15 പേര്‍ ഇടംപിടിച്ചേക്കും.  സി.എന്‍. ചന്ദ്രനും, സി.എ. കുര്യനും, കെ.രാജനും ഒഴിവാകും. കെ.പി. രാജേന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, പി.പ്രസാദ് എന്നിവരാകും പകരമെത്തുക. ദേശീയ സെക്രട്ടറിയേറ്റില്‍ ഉള്ള പന്ന്യന് രവീന്ദ്രന് പകരം ബിനോയ് വിശ്വം എത്തും. പന്ന്യനെ കേന്ദ്ര കൺട്രോള്‍ കമ്മിഷന്‍ ചെയര്‍മാൻ ആക്കുമെന്നാണ് റിപ്പോർട്ട്. 

കരട് രാഷ്ട്രീയപ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്, സംഘടനാറിപ്പോര്‍ട്ട്എന്നിവയിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും 17 നിരീക്ഷകരും ചര്‍ച്ചയില്‍ പങ്കെടുത്തു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്, സംഘടനാ റിപ്പോര്‍ട്ട്, രാഷ്ട്രീയ പ്രമേയം എന്നീ കമ്മീഷനുകളുടെ റിപ്പോര്‍ട്ട് ഇന്ന് രാവിലെ ഒമ്പതുമണിക്ക് പുനരാരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടുകലുടെ അംഗീകാരത്തിന് ശേഷം ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുക്കും.  തുടർന്ന് ലക്ഷം ചുവപ്പ് വോളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ചോടെ പാർട്ടി കോൺ​​ഗ്രസിന് സമാപനമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com