ആധാര്‍ ജനങ്ങള്‍ക്ക് ദുരിതം; ക്ഷേമ പെന്‍ഷനുകളുമായി ബന്ധിപ്പിക്കേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് തടഞ്ഞുവച്ച പെന്‍ഷന്‍ ഉടന്‍ തന്നെ നല്‍കുന്നതിനും തീരുമാനമായി. ഏപ്രില്‍ മാസം മുതലുള്ള പെന്‍ഷന്‍ വിതരണത്തിനായിരുന്നു ആധാര്‍ നിര്‍ബന്ധമാക്കി
ആധാര്‍ ജനങ്ങള്‍ക്ക് ദുരിതം; ക്ഷേമ പെന്‍ഷനുകളുമായി ബന്ധിപ്പിക്കേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് ദുരിതമാണ് നല്‍കിയതെന്ന് ഡല്‍ഹി സര്‍ക്കാര്‍. വിധവ പെന്‍ഷനും വാര്‍ധക്യ പെന്‍ഷനും ലഭിക്കുന്നതിനായി അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ ഡല്‍ഹി സര്‍ക്കാര്‍ ഒഴിവാക്കി. അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജനങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട്  കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊള്ളുന്നതെന്ന് ക്യാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. 

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് തടഞ്ഞുവച്ച പെന്‍ഷന്‍ ഉടന്‍ തന്നെ നല്‍കുന്നതിനും തീരുമാനമായി. ഏപ്രില്‍ മാസം മുതലുള്ള പെന്‍ഷന്‍ വിതരണത്തിനായിരുന്നു ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നത്. ഇതോടെ സാങ്കേതിക തകരാറ് മൂലം പെന്‍ഷന്‍ മുടങ്ങിയിരുന്നവര്‍ക്ക് ഉടന്‍ തന്നെ കുടിശ്ശിക ലഭിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡല്‍ഹിയില്‍ സ്ഥിരതാമസമായുള്ളവര്‍ക്കും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം  ഒരുലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാണ് വാര്‍ധക്യ പെന്‍ഷന് അര്‍ഹതയുള്ളത്. 

2016 ലാണ് ആധാറുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊള്ളുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് നിയമം കര്‍ശനമാക്കിയതോടെ വാര്‍ധക്യ പെന്‍ഷന്‍ പറ്റുന്ന 33,191 പേര്‍ക്കും  വികലാംഗപെന്‍ഷന്‍ കൈപ്പറ്റുന്ന 9799 പേര്‍ക്കും പെന്‍ഷന്‍ തുക പിന്‍വലിക്കുന്നതിന് കഴിഞ്ഞിരുന്നില്ല.

ആധാറില്ലെന്ന കാരണത്താല്‍ സര്‍ക്കാരിന്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് നിഷേധിക്കരുത് എന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുന്നതിലൂടെ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com