ദേശീയ പൗരത്വ രജിസ്റ്റർ: അസമിൽ തൃണമൂൽ സംഘത്തെ എയർപോർട്ടിൽ തടഞ്ഞു, അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് ഡെറക് ഒബ്രിയാന്‍ 

ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അസമില്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു
ദേശീയ പൗരത്വ രജിസ്റ്റർ: അസമിൽ തൃണമൂൽ സംഘത്തെ എയർപോർട്ടിൽ തടഞ്ഞു, അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് ഡെറക് ഒബ്രിയാന്‍ 

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അസമില്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു. സില്‍ചാര്‍ എയര്‍പോര്‍ട്ടിലാണ് സംഘത്തെ തടഞ്ഞത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ എട്ടംഗ സംഘമാണ് അസമില്‍ എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംഘത്തെ എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ തടയുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കച്ചാര്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളെ കാണുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്നും തൃണമൂല്‍ സംഘത്തെ തടഞ്ഞത് അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും പാര്‍ട്ടി നേതാവ് ഡെറക് ഒബ്രിയാന്‍ പറഞ്ഞു.

അസം പോലീസിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. തൃണമൂല്‍ സംഘത്തെ എയര്‍പോര്‍ട്ടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അടുത്ത വിമാനത്തില്‍ ഇവരെ തിരിച്ചയക്കുമെന്നും അസം ഗവണ്‍മെന്റ് വ്യക്തമാക്കി. എം.പിമാരായ സുഖേന്ദു ശേഖര്‍ റായ്, കക്കോലി ഘോഷ് ദസ്റ്റിദര്‍, രത്‌ന ഡേ നാഗ്, നഡിമുള്‍ ഹഖ്, അര്‍പിത ഘോഷ്, പശ്ചിമ ബംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം എം.എല്‍.എ മോഹുവ മോയിത്ര എന്നിവരാണ് തൃണമുല്‍ സംഘത്തിലുള്ളത്. 

അസമിൽ 40 ലക്ഷം പേരെ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താക്കി തയ്യാറാക്കിയ കരടുപട്ടികയ്ക്കെതിരായ  പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് തൃണമുല്‍ സംഘം അസമിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഘം സില്‍ച്ചാര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com