പ്രതിപക്ഷം ഒന്നിച്ചു കഴിഞ്ഞു, 2019 ല്‍ ബിജെപിയുടെ കഥ കഴിയുമെന്ന് മമതാ ബാനര്‍ജി

പാര്‍ലമെന്റില്‍ ഒന്നിച്ച് നില്‍ക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് പുറത്തും ഒന്നിച്ച് നിന്നുകൂടാ എന്നായിരുന്നു മമത സോണിയ ഗാന്ധിയോട് ചോദിച്ചത്
പ്രതിപക്ഷം ഒന്നിച്ചു കഴിഞ്ഞു, 2019 ല്‍ ബിജെപിയുടെ കഥ കഴിയുമെന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി:  അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനായി ഒന്നിച്ചു കഴിഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പോടെ ബിജെപി നാമാവശേഷമാകുമെന്നും മമത പറഞ്ഞു.

ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനായി ഡല്‍ഹിയിലെത്തി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിപദം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തേണ്ട സമയം ഇതല്ല. ആദ്യം ബിജെപിയുടെ പരാജയം അത് മാത്രമാണ് ലക്ഷ്യമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. 

കൂട്ടായ നേതൃത്വത്തിലൂടെ പൊതു തിരഞ്ഞെടുപ്പിനെ നേരിടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നതിനെ കുറിച്ചും കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്ന് അവര്‍ വെളിപ്പെടുത്തി. എല്ലാവര്‍ക്കും വേണ്ടിയാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. കൂട്ടായ നേതൃത്വത്തിലൂടെ തീരുമാനം കൈക്കൊള്ളും. പാര്‍ലമെന്റില്‍ ഒന്നിച്ച് നില്‍ക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് പുറത്തും ഒന്നിച്ച് നിന്നുകൂടാ എന്നായിരുന്നു മമത സോണിയ ഗാന്ധിയോട് ചോദിച്ചത്. പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ടായിരുന്നില്ല കൂടിക്കാഴ്ചയെന്നും അവര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന് ഐക്യം സാധ്യമാക്കുന്നതിനായി പ്രധാനമന്ത്രി പദത്തിലേക്ക് മറ്റ് കക്ഷികളിലുള്ളവരെ പരിഗണിക്കുന്നതില്‍ വിരോധമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 അസമിലെ 40 ലക്ഷം ജനങ്ങള്‍ ദേശീയ പൗരത്വ കരട് പട്ടികയില്‍ നിന്ന പുറത്തായ വിഷയം ഗൗരവത്തോടെയാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നും അവര്‍ വെളിപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പാക്കിയ ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും മമത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com