വിവാഹിതയായതുകൊണ്ട് അവളുടെ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി

വിവാഹശേഷം ലൈംഗികത പറ്റില്ലെന്ന് പറയാന്‍ സ്ത്രീക്ക് അവകാശം ഉണ്ടെങ്കില്‍ വിവാഹശേഷം അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യവും ഉണ്ടെന്ന് അംഗീകരിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി
വിവാഹിതയായതുകൊണ്ട് അവളുടെ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹശേഷം ലൈംഗികത പറ്റില്ലെന്ന് പറയാന്‍ സ്ത്രീക്ക് അവകാശം ഉണ്ടെങ്കില്‍ വിവാഹശേഷം അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യവും ഉണ്ടെന്ന് അംഗീകരിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി.  വിവാഹേതര ബന്ധത്തില്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ് ജഡ്ജിമാരില്‍ ഒരാള്‍  ഇത്തരത്തില്‍ അഭിപ്രയപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ അഞ്ചംഗ ജഡ്ജിമാരാണ് ഉള്ളത്.  

ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലേക്ക് പോകുന്നത് തന്നെ വിവാഹ ബന്ധം തകര്‍ന്നതിന്റെ സൂചനയാണെന്നും വിവാഹിതയാണെന്നതുകൊണ്ടുമാത്രം അവളുടെ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാതാവില്ലെന്നും  ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ലൈംഗിക പരമാധികാരം സ്വഭാവിക അവകാശമാണെന്ന് പറയുകയാണെങ്കില്‍ വിവാഹമോചനം നേടാനുള്ള കാരണമായി അവിഹിത ബന്ധത്തെ കാണാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂട്ടിച്ചേര്‍ത്തു.

വിവാഹേതരബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാകുമ്പോള്‍ തന്നെ അത് പൗരാവകാശ ലംഘനവും ആവുന്നു.  വൈവാഹിക തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ വിവാഹമോചനം നേടാനായി ഇത് ഉപയോഗിക്കപ്പെടുന്നുമുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. മാനസിക പീഡനം വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാം. എന്നാല്‍ വിവാഹേതര ബന്ധത്തെയും മാനസിക പീഡനത്തെയും തുല്യമായി പരിഗണിക്കാനാകില്ലെന്നും മിശ്ര അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com