വിശ്വസ്തത പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകം; വിവാഹേതര ബന്ധത്തില്‍ പുരുഷന്‍ മാത്രം ശിക്ഷാര്‍ഹനാകുന്നത് അവകാശ ലംഘനം; സുപ്രീം കോടതി

അവിഹിതം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം വിവേചനപരമാണെന്ന് സുപ്രീം കോടതി
വിശ്വസ്തത പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകം; വിവാഹേതര ബന്ധത്തില്‍ പുരുഷന്‍ മാത്രം ശിക്ഷാര്‍ഹനാകുന്നത് അവകാശ ലംഘനം; സുപ്രീം കോടതി

ന്യൂഡല്‍ഹി: അവിഹിതം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം വിവേചനപരമാണെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധം വിവാഹങ്ങളുടെ പരിശുദ്ധിയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയമാണ്. ഇത്തരം കേസുകളില്‍ പുരുഷന്‍മാരെ മാത്രം കുറ്റക്കാരാക്കുന്നത് സ്ത്രീ പുരുഷ തുല്യതയുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമം വിവാഹിതരായ സ്ത്രീക്കും പുരുഷനും വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നത്. വിവേചനപരമായ ഇത്തരം വ്യവസ്ഥകളുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് നിലനിര്‍ത്തേണ്ടതുണ്ടോയെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. 

ജോസഫ് ഷൈന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. ഭര്‍തൃമതിയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ നിമയ നടപടികള്‍ക്ക് വിധേയനാകുമ്പോള്‍ കൃത്യത്തില്‍ തുല്യ പങ്കാളിത്തമുള്ള സ്ത്രീയെ വെറുതെവിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. 

വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിന് ഐ.പി.സി 497ാം വകുപ്പ് നിലനിര്‍ത്തേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വകുപ്പ് എടുത്തുകളഞ്ഞാല്‍ വിവാഹം എന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കുമെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ഒരു വകുപ്പ് നിലനിര്‍ത്തുന്നതു കൊണ്ടു മാത്രം വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടുമോയെന്നത് ചിന്തിക്കേണ്ട വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു പുരുഷന് വിവാഹിതയായ മറ്റൊരു സ്ത്രീയോട് ബന്ധമുണ്ടാകുകയും ഇതേക്കുറിച്ച് സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമാണ് വിവാഹേതര ബന്ധം കുറ്റകൃത്യമാകുന്നതെന്നാണ് നിയമത്തിലുള്ളത്. ഇത്തരം ബന്ധങ്ങള്‍ നിയമപരമായി കുറ്റകൃത്യമല്ലാത്തതാണെങ്കിലും അത് വിവാഹ ബന്ധത്തിന്റെ പവിത്രക്ക് കളങ്കമാണ്. അതിനാല്‍ ഒരു വകുപ്പ് നിലനിര്‍ത്തിയതു കൊണ്ടുമാത്രം വിവാഹത്തിന്റെ പവിത്രത കാക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. വിവാഹത്തിന്റെ പവിത്ര നിലനിര്‍ത്താന്‍ പങ്കാളികള്‍ക്ക് ഒരുപോലെ ഉത്തരവാദിത്വമുണ്ട്. വൈവാഹിക ജീവിതത്തിലെ വിശ്വസ്തത പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകമാണ്. പുരുഷന്‍ മാത്രം ശിക്ഷാര്‍ഹനാകുന്നത് ഭരണഘടനയുടെ 14ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന തുല്ല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്. പുരുഷന്‍ കുറ്റവാളിയും സ്ത്രീ ഇരയായും പരിഗണിക്കപ്പെടുന്നത് യുക്തിപരമല്ല. സ്ത്രീ പുരുഷന്റെ സ്വത്തല്ല. തുല്ല്യതയ്ക്കുള്ള അവകാശം ലഭിക്കുന്നതിന്റെ പേരില്‍ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി പരിഗണിക്കാതിരുന്നാല്‍ സ്ത്രീയേയും പുരുഷനേയും ശിക്ഷിക്കാനാകില്ല. അതേസമയം വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതടക്കമുള്ള മറ്റ് സിവില്‍ നടപടികള്‍ക്ക് വ്യഭിചാരം കാരണമായി പരിഗണിക്കാം. ഐ.പി.സി 497ാം വകുപ്പിലെ എല്ലാ ഭാഗങ്ങളെയും കുറിച്ചും വിശദമായ പഠനം നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കൂവെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com