ശമ്പളം വെട്ടിക്കുറച്ചില്ലെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ജെറ്റ് എയര്‍വേയ്‌സ്

രണ്ടു വര്‍ഷത്തേക്ക് പൈലറ്റ് മാരുടെ ശമ്പളത്തില്‍ 15 ശതമാനം വെട്ടിക്കുറവ് വരുത്താനാണ് കമ്പനി മുന്നോട്ടുവെച്ച നിര്‍ദേശം
ശമ്പളം വെട്ടിക്കുറച്ചില്ലെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ജെറ്റ് എയര്‍വേയ്‌സ്


ന്യൂഡല്‍ഹി: ചെലവുചുരുക്കല്‍ നടപടികളുമായി പൈലറ്റുമാര്‍ സഹകരിച്ചില്ലെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ജെറ്റ് എയര്‍വേയ്‌സ്. ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കെതിരെ പൈലറ്റുമാര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍.

നിലവിലെ അവസ്ഥയില്‍ രണ്ടുമാസം കൂടി മാത്രമേ മുന്നോട്ടുപോകാനാകൂ. ചെലവുചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ടു വര്‍ഷത്തേക്ക് പൈലറ്റ് മാരുടെ ശമ്പളത്തില്‍ 15 ശതമാനം വെട്ടിക്കുറവ് വരുത്താനാണ് കമ്പനി മുന്നോട്ടുവെച്ച നിര്‍ദേശം. ജീവനക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായും ജെറ്റ് എയര്‍വേയ്‌സ് വക്താവ് പറഞ്ഞു.

പ്രവര്‍ത്തന മൂലധനത്തിനുള്ള വായ്പയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കമ്പനി ഒരു തിരിച്ചുവരവിനായെടുക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ചെലവുചുരുക്കല്‍ നടപടികളിലേക്ക് ജെറ്റ് എയര്‍വെയ്‌സ് കടക്കുന്നത്. ഇതിന്റെ ഭാഗമായി ചില മേഖലകളിലെ ഏതാനും ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടെന്ന് വക്താവ് പറഞ്ഞു.

ജൂനിയര്‍ പൈലറ്റുമാരുടെ ശമ്പളം 30-50 വെട്ടിക്കുറയ്ക്കുമെന്നും താല്‍പര്യമില്ലാത്തവര്‍ക്ക് ജോലി രാജിവെക്കാമെന്നും കഴിഞ്ഞ വര്‍ഷം ജൂലായില്‍ ജെറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com