ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിട്ടി താഴ്ത്തിയതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം ; നാളെ ചീഫ് ജസ്റ്റിസിനെ കാണും

ജസ്റ്റിസ് കെ എം ജോസഫിനോട് അനീതിയാണ് കാണിച്ചതെന്ന് ജഡ്ജിമാര്‍ക്കിടയില്‍ പൊതുവികാരം
ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിട്ടി താഴ്ത്തിയതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം ; നാളെ ചീഫ് ജസ്റ്റിസിനെ കാണും

ന്യൂഡല്‍ഹി : ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിട്ടി താഴ്ത്തിയതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം. മുതിര്‍ന്ന ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ട് പ്രതിഷേധം അറിയിക്കും. ജസ്റ്റിസ് കെ എം ജോസഫിനോട് അനീതിയാണ് കാണിച്ചതെന്ന് ജഡ്ജിമാര്‍ക്കിടയില്‍ പൊതുവികാരം. ജസ്റ്റിസ് കെ എം ജോസഫിന്റെ പേരാണ് ആദ്യം അയച്ചത്. ആ സാഹചര്യത്തില്‍ ജോസഫിന്റെ പേര് സീനിയോറിട്ടിയില്‍ ആദ്യം വേണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടും. 

ഏറെ നാളത്തെ തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. നേരത്തെ സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഫയല്‍ തിരിച്ചയക്കുകയായിരുന്നു. പ്രദേശിക സംതുലനം പാലിക്കേണ്ടതുണ്ടെന്നും അതിനാല്‍ ജസ്റ്റിസ് ജോസഫിനെ നിയമിക്കാനുള്ള ശുപാര്‍ശ അം​ഗീകരിക്കാൻ ആകില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. 

ഇതിനെതിരെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ ചെലമേശ്വര്‍ അടക്കം രംഗത്തുവന്നിരുന്നു. തുടര്‍ന്ന് രണ്ടാമത് ചേര്‍ന്ന കൊളീജിയവും ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യുകയായിരുന്നു. ഒടുവില്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്കൊപ്പമാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേരിനും കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കിയത്.

നിയമന ശുപാര്‍ശ അനുസരിച്ച് ഇരുവര്‍ക്കും ശേഷമാണ് ജസ്റ്റിസ് ജോസഫിന്റെ പേര്. ഇതോടെ സത്യപ്രതിജ്ഞ ലിസ്റ്റില്‍ ജസ്റ്റിസ് ജോസഫിന്റെ പേര് മൂന്നാമതായി. ഇതാണ് ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം ആക്കണമെന്നും ജഡ്ജിമാർ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com