അവര്‍ മീട്ടിയത് അപൂര്‍വ്വസൗഹൃദരാഗം; എംജിആറിനൊപ്പം കരുണാനിധിയും ഇനി ഓര്‍മ്മയില്‍

ആത്മസുഹൃത്തുക്കളായി കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ പൂര്‍ണമായും കരുണാനിധിയുടെ സ്വാധീനവലയത്തില്‍ തന്നെയായിരുന്നു എംജിആര്‍.
അവര്‍ മീട്ടിയത് അപൂര്‍വ്വസൗഹൃദരാഗം; എംജിആറിനൊപ്പം കരുണാനിധിയും ഇനി ഓര്‍മ്മയില്‍

ലൈഞ്ജരുടെ വാക്കുകള്‍ തന്നെ കടമെടുത്ത് പറഞ്ഞാല്‍ നീണ്ട നാല്‍പ്പത് വര്‍ഷം 'ഇണക്കിളി'കളെപ്പോലെ കഴിഞ്ഞവരായിരുന്നു എംജിആറും കരുണാനിധിയും. ഒരു മനസും രണ്ട് ശരീരവും. സിനിമയിലും രാഷ്ട്രീയത്തിലും ആ കൂട്ടുകെട്ട് സൂപ്പര്‍ഹിറ്റായിരുന്നു. 1971 ലെ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 234 സീറ്റില്‍ 155 ഉം സ്വന്തമാക്കിയത് അതിനൊരു ചെറിയ ഉദാഹരണം മാത്രം. ഇരുവരുടെയും പില്‍ക്കാലത്തെ അകല്‍ച്ചയ്ക്ക് പ്രധാനകാരണം ഈ വിജയത്തില്‍ അസൂയ പൂണ്ട ചിലരായിരുന്നുവെന്ന് കരുണാനിധി മരണം വരെയും വിശ്വസിച്ചു പോന്നു.

ആത്മസുഹൃത്തുക്കളായി കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ പൂര്‍ണമായും കരുണാനിധിയുടെ സ്വാധീനവലയത്തില്‍ തന്നെയായിരുന്നു എംജിആര്‍. കലൈഞ്ജര്‍ കഥയും തിരക്കഥയുമെഴുതിയ 'രാജകുമാരന്‍' എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കാനെത്തിയതോടെയാണ് ഇരുവരും അടുത്തത്. ഒന്നിച്ച് താമസം ആരംഭിച്ചതോടെ എംജിആര്‍ കരുണാനിധിയുടെ രാഷ്ട്രീയത്തിലേക്ക് അടുത്തു.ദ്രാവിഡ രാഷ്ട്രീയവീക്ഷണം ആ സമയത്ത് ഇരുവരുടെയും ചിത്രങ്ങളിലും പ്രകടമായിരുന്നു. എംജിആറും സഹോദരന്‍ ചക്രപാണിയും കരുണാനിധിയും വീരപ്പയും കാശിലിംഗവും ചേര്‍ന്ന് ഉണ്ടാക്കിയ  'നാം' എന്ന ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. എംജിആറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു ഇതെന്ന് കരുണാനിധി എക്കാലവും ഉറച്ച് വിശ്വസിച്ചിരുന്നു. 

എഐഎഡിഎംകെ രൂപീകരണത്തിന് മുന്‍പ് കരുണാനിധി മന്ത്രിസഭ രൂപീകരിക്കുന്ന സമയത്ത് എംജിആര്‍ കൂടെയുണ്ടാകുമെന്ന് തന്നെ കലൈഞ്ജര്‍ കരുതി. മന്ത്രിയാകണമെന്ന് എംജിആറിനും മോഹം. മന്ത്രിയാക്കാം, പക്ഷേ സിനിമാ അഭിനയം നിര്‍ത്തണമെന്ന കരുണാനിധിയുടെ പിടിവാശി ഇരുവരെയും വീണ്ടും അകറ്റി. പിന്നീട് തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം പിറക്കുകയായിരുന്നു. എംജിആര്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു. തമിഴ്മക്കളുടെ എല്ലാമെല്ലാമായി.

ഇനിയൊരിക്കലും ഒന്നിച്ചു പോവാന്‍ കഴിയാത്ത തരത്തിലേക്ക് ആ സൗഹൃദത്തെ കൊണ്ടെത്തിച്ചതില്‍ എംജിആറിന്റെ ' ഇദയക്കനി'ക്കും പങ്കുണ്ടെന്ന് കലൈഞ്ജര്‍ കരുതി. ഒരു പരിധിവരെ അതില്‍ സത്യമുണ്ടെന്ന് തമിഴകം മുഴുവനും വിശ്വസിച്ചു. മരണം വരെ ആ അകല്‍ച്ച തുടര്‍ന്നു. എംജിആറിന്റെ മരണശേഷം കരുണാനിധിയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് ജയലളിതയും ജീവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com