എം കരുണാനിധി അന്തരിച്ചു; വിടവാങ്ങിയത് തമിഴ് രാഷ്ട്രീയത്തിലെ അതികായന്‍

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കാവേരി ആശുപത്രിയിലായിരുന്നു മരണം
എം കരുണാനിധി അന്തരിച്ചു; വിടവാങ്ങിയത് തമിഴ് രാഷ്ട്രീയത്തിലെ അതികായന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കാവേരി ആശുപത്രിയിലായിരുന്നു മരണം. ഇന്ന് വൈകിട്ട് 6.10നാണ്് മരണം സംഭവിച്ചത്. മരണസമയത്ത് മക്കളും ചെറുമക്കളും ആശുപത്രിയിലുണ്ടായിരുന്നു. തങ്ങളുടെ പ്രിയ നേതാവിന് അതീവ ഗുരുതരമാണെന്നറിഞ്ഞതുമുതല്‍ ആശുപത്രി കവാടം അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായി. ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനായാണ് മുത്തുവേല്‍ കരുണാനിധിയെന്ന കലൈഞ്ജര്‍ അറിയപ്പെട്ടത്. അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന് മരിക്കുമ്പോള്‍ 94 വയസായിരുന്നു. 

മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട്ടില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒരാഴ്ചത്തെ ദുഃഖാചരണവും നടക്കും. മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചിച്ചു.

ഇന്നലെ മുതല്‍ ആരോഗ്യ സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ വന്നു. നില അതീവ ഗുരുതരാവസ്ഥയിലായി. മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കിയിരുന്നു. അണുബാധയുണ്ടായിരുന്ന അദ്ദേഹത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചെങ്കിലും അമിത രക്ത സമ്മര്‍ദ്ദവും മഞ്ഞപ്പിത്തവും അണുബാധ തടയാന്‍ സാധിക്കാതെ വന്നതും ആരോഗ്യം വഷളാക്കി. ഏതാണ്ട് വൈകിട്ട് 4.30ഓടെ ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.  


പ്രദേശം പൊലീസ് നിയന്ത്രണത്തിലാണ്. ആശുപത്രി പരിസരത്തെ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാരിക്കേഡുകള്‍ കെട്ടിയുറപ്പിച്ചു ജനത്തെ തടയുന്നു, പൊലീസ്. ജംഗ്‌നിലെ മേല്‍പ്പാലത്തിലും പൊലീസുണ്ട്; ഗതാഗത നിയന്ത്രണവും. ആരെയും പാലത്തില്‍ നില്‍ക്കാന്‍ അനുവദിക്കുന്നില്ല.

ശാരീരിക അവശതകള്‍ മൂലം 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നു കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. നഴ്‌സുമാരുടെയും മെഡിക്കല്‍ വിദഗ്ധരുടെയും പരിചരണം ലഭിച്ചിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

കലൈജ്ഞരെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. എം കരുണാനിധിയുടെ മരണത്തോടെ വിരാമമാകുന്നത്ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരധ്യായത്തിനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com