സിനിമകളിലൂടെ കലൈഞ്ജര്‍ രചിച്ചത് ഒരു ജനതയുടെ മുദ്രാവാക്യം

സിനിമകളിലൂടെ അദ്ദേഹം ഒരു ജനതയ്ക്ക് രചിച്ച് കൊടുത്തത് കാലഘട്ടം ആവശ്യപ്പെട്ട മുദ്രാവാക്യങ്ങളായിരുന്നു, സ്വഭിമാനത്തിന്റെ വാഴ്ത്തുപാട്ടുകളായിരുന്നു...
സിനിമകളിലൂടെ കലൈഞ്ജര്‍ രചിച്ചത് ഒരു ജനതയുടെ മുദ്രാവാക്യം

സിനിമയും രാഷ്ട്രീയവും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമുള്ള മണ്ണാണ് തിമിഴ്‌നാട്. അതിന് കാരണക്കാരനായത് കലൈഞ്ജര്‍ എന്ന എം.കരുണാനിധിയും. പുരാണങ്ങളെയും ദൈവങ്ങളെയും മാത്രം വെള്ളിവെളിച്ചത്തില്‍ കണ്ടുശീലിച്ച ഒരു ജനതയെ മുഷ്ടിചുരുട്ടാന്‍ പഠിപ്പിച്ച നേതാവാണ് കലൈഞ്ജര്‍. സിനിമകളിലൂടെ അദ്ദേഹം ഒരു ജനതയ്ക്ക് രചിച്ച് കൊടുത്തത് കാലഘട്ടം ആവശ്യപ്പെട്ട മുദ്രാവാക്യങ്ങളായിരുന്നു, സ്വഭിമാനത്തിന്റെ വാഴ്ത്തുപാട്ടുകളായിരുന്നു...

സാഹിത്യത്തിലും ദ്രാവിഡ ചരിത്രത്തിലും തമിഴ് ഭാഷയിലും അഗാധപരിജ്ഞാനമുള്ള കരുണാനിധിക്ക് സിനിമ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറു മലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു  പ്രവര്‍ത്തിക്കുന്ന സമയത്താണ് കരുണാനിധി തമിഴ് പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങുന്നത്. ഈ ലേഖനങ്ങള്‍ കണ്ടാണ് അണ്ണാദുരൈ തന്നെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. 

സജീവ രാഷ്ട്രീയത്തിലിറങ്ങിയിട്ടും കലയോടുള്ള അടങ്ങാത്ത ആസക്തി കരുണാനിധിയെ വിട്ടുപിരിഞ്ഞില്ല. അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തില്‍ പേരുണ്ടായിരുന്നില്ല. 1947ല്‍ പുറത്തിറങ്ങിയ രാജകുമാരിയാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ പേരുവന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രം. എ.എസ്.എ സ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായെത്തിയത് ഒരുകാലത്ത് കരുണാനിധിയുടെ ഉറ്റസ്‌നേഹിതനും പിന്നീട് രാഷ്ട്രീയ ശത്രുവായി മാറുകയും ചെയ്ത എം.ജി.ആര്‍ എന്ന എം.ജി രാമചന്ദ്രന്‍. 

എം.ജി.ആറിന്റെ താരമൂല്യം മുതലെടുത്ത് ദ്രാവിഡ രാഷ്ട്രീയം പറയുന്ന നിരവധി സിനിമകളാണ് കലൈഞ്ജര്‍ എഴുതുക്കൂട്ടിയത്. ജാതിയതക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരെ അദ്ദേഹം എം.ജി.ആറിനെക്കൊണ്ട് നിരന്തരം പറയിപ്പിച്ചുകൊണ്ടേയിരുന്നു. കലൈഞ്ജറിന്റെ ഏറ്റവും ശ്രദ്ധനേടിയ ചിത്രം 1952ല്‍ പുറത്തിറങ്ങിയ പരാശക്തിയായിരുന്നു. ശിവാജി ഗണേശന്‍ ആദ്യമായി അഭിനയിച്ച ചിത്രത്തിലൂടെ ശക്തമായ ഭാഷയില്‍ കരുണാനിധി പുരോഗമന ദ്രാവിഡ രാഷ്ട്രീയം പറഞ്ഞു. ബ്രാഹ്മണിസത്തേയും ജാതിയതേയും ചോദ്യം ചെയ്ത ചിത്രം വ്യാപകമായ സെന്‍സര്‍ഷിപ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും  വിധേയമായി. ഹിന്ദുത്വവാദികള്‍ ചിത്രത്തിനെതിരെ തെരുവുകളിലിറങ്ങി. എന്നിരുന്നാലും തീയേറ്ററുകളില്‍ ദ്രാവിഡമക്കള്‍ സിനിമയെ കൈവിട്ടില്ല. തമിഴ്‌നാട് കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി പരാശക്തി അടയാളപ്പെടുത്തപ്പെട്ടു. 

പിന്നീട് പുറത്തിറങ്ങിയ പണം, തംഗരത്‌നം എന്നീ ചിത്രങ്ങളിലൂടെ വിധവാ പുനര്‍വിവാഹത്തിന് വേണ്ടി ശബ്ദമുയര്‍ത്തി.ശിവാജി ഗണേശനെ നായകനാക്കി 1954ല്‍ എത്തിയ മനോഹരയും തമിഴകത്ത് കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. പാലൈവന റോജാക്കള്‍,നീതിക്കു തണ്ടനൈ,പാസ പറൈവകള്‍,പാടാത തേനീകള്‍,പാലൈവന പൂക്കള്‍,ഉളിയിന്‍ ഓസൈ പൂംപുഹാര്‍,ഇളൈഞ്ചന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകള്‍. ചിലപ്പതികാരം,മണിമകുടം, ഒരേ രക്തം തുടങ്ങി ഒമ്പത് നാടകങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്. 

വാര്‍ധക്യസഹചമായ അസുഖങ്ങളില്‍പെട്ട് മുഖ്യധാരയില്‍ നിന്ന് പിന്‍മാറുമ്പോള്‍ പോലും  കലൈഞ്ജര്‍ അദ്ദേഹത്തിന്റെ സിനിമ കമ്പം വിട്ടിരുന്നില്ല. ജാതീയമായ ഉച്ചനീചത്വങ്ങള്‍ എതിരെ പോരാടിയ സന്യാസി രാമാനുജരുടെ കഥ പറയുന്ന ടെലിവിഷന്‍ സീരിയലിന്റെ രചനിയില്‍ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. 92ാം പിറന്നാളിന് ഈ സീരിയല്‍ കലൈഞ്ജര്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com