സീനിയോറിറ്റിയില്‍ മാറ്റമില്ല; മൂന്നാമനായി ജസ്റ്റിസ് കെ എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു

ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനിത് സരണ്‍ എന്നിവര്‍ക്ക് പിന്നാലെ മൂന്നാമതായാണ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്
സീനിയോറിറ്റിയില്‍ മാറ്റമില്ല; മൂന്നാമനായി ജസ്റ്റിസ് കെ എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടയില്‍ മലയാളിയും ഉത്തരാഖണ്ഡ് മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് കെ എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനിത് സരണ്‍ എന്നിവര്‍ക്ക് പിന്നാലെ മൂന്നാമതായാണ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്.  സീനിയോറിറ്റി പരിഗണിച്ച് കെ എം ജോസഫിനെ ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുപ്രീംകോടതിയിലെ പുതിയ ജഡ്ജിമാരുയെ സീനിയോറിട്ടി സംബന്ധിച്ച വിവാദത്തില്‍ ഇന്നലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ എം ജോസഫ് ജൂനിയര്‍ തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തിയ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയെയും വിനീത് സരണിനെയും അപേക്ഷിച്ച് ജോസഫ് ജൂനിയറാണ്. രണ്ടാമത് നല്‍കിയ ശുപാര്‍ശയാണ് സീനിയോറിട്ടിക്കായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്. 

2018 ജൂലൈ 16നാണ് മൂന്നുപേരുടെയും നിയമന ശുപാര്‍ശ ലഭിച്ചതെന്നും കേന്ദ്രം അറിയിച്ചു. നിലവിലെ കീഴ് വഴക്കം അനുസരിച്ചാണ് കേന്ദ്രനടപടി. ജസ്റ്റിസ് ജോസഫിനേക്കാള്‍ മുമ്പേ ജഡ്ജിമാരായവരാണ് ഇന്ദിര ബാനര്‍ജിയും വിനീത് സരണുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2002 ഫെബ്രുവരി 5നാണ് ഇന്ദിര ബാനര്‍ജി ഹൈക്കോടതി ജഡ്ജിയായി നിയമിതയാകുന്നത്. അതേവര്‍ഷം ഫെബ്രുവരി 14 നാണ് വിനീത് സരണ്‍ ജഡ്ജിയാകുന്നത്. എന്നാല്‍ 2004 ഒക്ടോബര്‍ 14നാണ് കെ എം ജോസഫ് ഹൈക്കോടതി ജഡ്ജിയാകുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ എം ജോസഫിന്റെ പേര് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശ തള്ളുകയായിരുന്നു. തുടര്‍ന്ന് കൊളീജിയം രണ്ടാമതും ജസ്റ്റിസ് ജോസഫിന്റെ പേര്, മറ്റ് രണ്ട് ജഡ്ജിമാരുടെ പേരിനൊപ്പം സമര്‍പ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com