'ജയലളിതയുടേതുപോലെ ഏക്കറുകണക്കിന് ഭൂമിയല്ല, ചോദിക്കുന്നത് ആറടി മണ്ണ്'; കരുണാനിധിയുടെ സംസ്‌കാരം സംബന്ധിച്ച ഹര്‍ജി രാവിലെ എട്ടിന് പരിഗണിക്കും

മറീന ബീച്ചിലെ അണ്ണാദുരൈ സമാധിയോട് ചേര്‍ത്ത് കരുണാനിധിയെ സംസ്‌കരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഡിഎംകെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്
'ജയലളിതയുടേതുപോലെ ഏക്കറുകണക്കിന് ഭൂമിയല്ല, ചോദിക്കുന്നത് ആറടി മണ്ണ്'; കരുണാനിധിയുടെ സംസ്‌കാരം സംബന്ധിച്ച ഹര്‍ജി രാവിലെ എട്ടിന് പരിഗണിക്കും

ചെന്നൈ; തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കെ. കരുണാനിധിയുടെ സംസ്‌കാരം സംബന്ധിച്ച ഹര്‍ജി ഇന്ന് രാവിലെ എട്ടിന് മദ്രാസ് കോടതി പരിഗണിക്കും. മറീന ബീച്ചിലെ അണ്ണാദുരൈ സമാധിയോട് ചേര്‍ത്ത് കരുണാനിധിയെ സംസ്‌കരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഡിഎംകെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്‌കാരം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നത് ഡിഎംകെ പ്രവര്‍ത്തകരെ രോക്ഷത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കി. 

രാത്രി ഒരു മണി വരെ നീണ്ട കോടതി നടപടികളില്‍ ഹര്‍ജിക്കാരായ ഡിഎംകെ തങ്ങളുടെ വാദം കോടതി മുന്‍പാകെ ഉന്നയിച്ചു. തുടര്‍ന്ന് ഇതില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കാരിക്കാനാവില്ലെന്ന് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നിലപാടിനെതിരേ ദേശിയ നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ഒമര്‍ അബ്ദുള്ള എന്നിവര്‍ എഡിഎംകെയുടെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചു. 

തമിഴ്‌നാടിന്റെ അതികായകന് അന്ത്യവിശ്രമത്തിനായി സ്ഥലം അനുവദിക്കാത്ത അണ്ണാ ഡിഎംകെ നടപടി രാഷ്ട്രീയ വൈര്യമാണെന്നാണ് ഡിഎംകെയുടെ വാദം. ജയലളിതയുടേതു പോലെ ഏക്കറുകണക്കിന് സ്ഥലമല്ല, ആറടി മണ്ണു മാത്രമാണ് തങ്ങള്‍ ചോദിക്കുന്നതെന്നും ഡിഎംകെ വക്താവ് എ ശരവണന്‍ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ സ്മൃതി മണ്ഡപത്തെക്കുറിച്ച് ചോദിക്കുന്നില്ലെന്നും അണ്ണയുടെ സമീപം സംസ്‌കരിക്കണം എന്നുമാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തമിഴ്‌നാട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി.രമേശിന്റെ വസതിയിലാണ് വാദം കേള്‍ക്കുന്നത്.ചീഫ് ജസ്റ്റിനിസിനൊപ്പം മറ്റൊരു ജഡ്ജിയും ചേര്‍ന്നാണ് വാദം കേള്‍ക്കുന്നത്. ഹൈക്കോടതി ഹര്‍ജി തള്ളുന്ന പക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ട് അടിയന്തരഹര്‍ജി നല്‍കാന്‍ ഡിഎംകെ ഡല്‍ഹിയില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 

ജയലളിതയുടെ ശവസംസ്‌കാരം മറീനയില്‍ നടന്നതിന് പിന്നാലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിയടക്കമുള്ളവര്‍ മറീനാ ബീച്ചിനെ ശവപറമ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ഹര്‍ജികളാണ് ഈ വിഷയത്തില്‍ ഹൈക്കോടതിയിലെത്തിയത്. ഇതില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് കരുണാനിധിയുടെ മരണം. ഇന്നലെ ഡിഎംകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ ഹര്‍ജിക്കാരും കക്ഷി ചേര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com