ഗര്‍ഭിണിക്ക് ആശുപത്രിയില്‍ കിടക്ക നല്‍കിയില്ല; അധികൃതര്‍ തിരിഞ്ഞുനോക്കാതെ യുവതിക്ക് ദാരുണാന്ത്യം 

ഗര്‍ഭിണിക്ക് ആശുപത്രിയില്‍ കിടക്ക നല്‍കിയില്ല; അധികൃതര്‍ തിരിഞ്ഞുനോക്കാതെ യുവതിക്ക് ദാരുണാന്ത്യം 

27കാരിയായ യുവതിയെ പ്രസവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡോക്ടമാര്‍ പറഞ്ഞപ്രകാരം യുവതി അന്നു രാത്രിയിലോ പിറ്റേന്ന് രാവിലെയോ പ്രവസവിക്കുമായിരുന്നു

ജയ്പൂര്‍: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയായ യുവതി ചികിത്സാപിഴവിനെത്തുടര്‍ന്ന് മരിച്ചു. രാജസ്ഥാനിലെ ബണ്ഡി ജില്ലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. 27കാരിയായ യുവതിയെ പ്രസവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡോക്ടമാര്‍ പറഞ്ഞപ്രകാരം യുവതി അന്നു രാത്രിയിലോ പിറ്റേന്ന് രാവിലെയോ പ്രവസവിക്കുമായിരുന്നു. യുവതിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സങ്കീര്‍ണ്ണതകളൊന്നുമില്ലെന്നും പരിശോധനകള്‍ക്കുശേഷം ഡോക്ടര്‍ അറിയിച്ചിരുന്നു. 

എന്നാല്‍ യുവതിക്ക് ആശുപത്രിയില്‍ കിടക്കയോ മറ്റ് സൗകര്യങ്ങളോ ലഭിച്ചില്ലെന്നും ആദ്യതവണ ഡോക്ടര്‍ പരിശോധിച്ചത് മേശപ്പുറത്ത് കിടത്തിയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ശരിയായ സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ തന്റെ ഭാര്യയുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലെന്ന് ഭര്‍ത്താവ് നന്ദ് കിഷോര്‍ പറഞ്ഞു. കിടക്ക നല്‍കാഞ്ഞതിനെത്തുടര്‍ന്ന് തങ്ങള്‍ വാര്‍ഡിന് പുറത്താണ് ഉണ്ടായിരുന്നതെന്നും ചികിത്സയ്ക്കായി കാത്തിരുന്ന തങ്ങളെക്കുറിച്ച് മാറിവന്ന ഡ്യൂട്ടിയിലെ സ്റ്റാഫുകള്‍ യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും നന്ദ് പറഞ്ഞു. 

യുവതി ആശുപത്രിയില്‍ അഡ്മിറ്റായെന്നത് സത്യമാണെന്നും എന്നാല്‍ ഇതിനുശേഷം അവരെ പെട്ടെന്ന് കാണാതാകുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ശരിയായ രീതിയില്‍ അറിയിക്കാതെ ആശുപത്രി വിട്ട് പോകുന്ന രോഗികളുടെ ആരോഗ്യകാര്യങ്ങളില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും അവര്‍ പറഞ്ഞു. ആശുപത്രിയില്‍ സ്ഥലപരിമിതി ഉണ്ടെന്നത് സത്യമാണെന്നും ഇക്കാരണത്താല്‍ പലപ്പോഴും ഡോക്ടര്‍മാര്‍ രോഗികളെ പുറത്ത് മേശയിട്ടാണ് കാണാറെന്നും ആശുപത്രി വൃത്തങ്ങള്‍ സമ്മതിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com