നായിഡുവിന്റെ ഒറ്റ ദിവസത്തെ താമസത്തിന് എട്ടുലക്ഷം; കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ കണക്ക് പുറത്ത്

കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിനെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ താമസചെലവ് 8,72,485 രൂപ
നായിഡുവിന്റെ ഒറ്റ ദിവസത്തെ താമസത്തിന് എട്ടുലക്ഷം; കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ കണക്ക് പുറത്ത്

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിനെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ താമസചെലവ് 8,72,485 രൂപ. മെയ് 23ന് രാവിലെ 9: 49ന് താജ് ഹോട്ടലില്‍ എത്തിയ മുഖ്യമന്ത്രി 24ന് രാവിലെ 5; 34ന് ചെക്ക് ഔട്ട് ചെയ്തിരുന്നു. ഒരു ദിവസത്തെ താമസത്തിന് മാത്രമാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചെലവിട്ടത് 71,025 രൂപയാണ്

ഏഴുമിനിറ്റ് മാത്രമാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ നീണ്ടുനിന്നത്. ഇതിനായി ആകെ ചെലവായത് 42 ലക്ഷം രൂപയാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി. നേരത്തെ സിദ്ധരാമയ്യയും യെദ്യൂരപ്പയും  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ചടങ്ങിനെത്തുന്ന അതിഥികള്‍ക്കായി തുക ചെലവഴിച്ചിരുന്നില്ല. എന്നാല്‍ കുമാരസ്വാമിയുടെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ഫൈവ്് സ്റ്റാര്‍ ഹോട്ടലിലെ താമസത്തിനും ഭക്ഷണത്തിനും മറ്റുമായി 37, 53,536 രൂപയാണ് ചെലവിട്ടത്. മെയ് 23, 24 തിയ്യതികളിലെ ബുഫെയ്ക്ക് മാത്രമായി 4, 35,001 രൂപയാണ് ചെലവിട്ടത്.

രാജ്യത്തെ പ്രധാനപ്പെട്ട 42 നേതാക്കള്‍ക്കായിരുന്നു സത്യാപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം. ഇക്കൂട്ടത്തില്‍ വലിയ തുക ചെലവായത് ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനാണ്. നടന്‍ കമല്‍ഹാസനായി ചെലവിട്ടത് 1,02,040 രൂപയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ ഫണ്ട് ഇല്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് നേതാക്കള്‍ക്കായി ഇത്രയും തുക ചെലവഴിക്കുന്നത്. സംസ്ഥാനത്ത് നിരവധി നല്ല ഗസ്റ്റ് ഹൗസുകള്‍ ഉണ്ടായിരിക്കെയാണിതെന്നും കര്‍ണാടക മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com