മോദിയെ ആശ്ലേഷിക്കാമെങ്കില്‍ രാഹുലിന് എന്തുകൊണ്ട് ഫോണിലെങ്കിലും പിന്തുണ അഭ്യര്‍ത്ഥിച്ചുകൂടാ ? ; രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബഹിഷകരിക്കുന്നതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു
മോദിയെ ആശ്ലേഷിക്കാമെങ്കില്‍ രാഹുലിന് എന്തുകൊണ്ട് ഫോണിലെങ്കിലും പിന്തുണ അഭ്യര്‍ത്ഥിച്ചുകൂടാ ? ; രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജെഡിയു സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിങ്ങും, കോണ്‍ഗ്രസിന്റെ ബി കെ ഹരിപ്രസാദും തമ്മിലാണ് മല്‍സരം. അതിനിടെ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബഹിഷകരിക്കുന്നതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു. എഎപിയുടെ രാജ്യസഭയിലെ നേതാവ് സഞ്ജയ് സിംഗാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

നരേന്ദ്രമോദിയെ കെട്ടിപിടിക്കുന്ന രാഹുല്‍ ഗാന്ധിക്ക് അരവിന്ദ് കേജ്‌രിവാളിനെ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിക്കാന്‍ പോലും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് എഎപി ബഹിഷ്‌കരിക്കുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു നേതാവ് നിതീഷ് കുമാര്‍ വിളിച്ചിരുന്നു. 

എന്നാല്‍ ജെഡിയു സ്ഥാനാര്‍ത്ഥിയായ ഹരിവംശ് നാരായണന്‍ സിങ്ങ് ബി.ജെ.പി സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ആയതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കാത്തത്. മാത്രമല്ല ആദ്യമായി രംജ്യസഭാംഗമായ ആളെ സ്ഥാനാര്‍ത്ഥിയാക്കിയതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി. മൂന്ന് എംപിമാരാണ് ആം ആദ്മി പാര്‍ട്ടിക്ക് രാജ്യസഭയില്‍ ഉള്ളത്.

അതേസമയം രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിംഗിനെ പിന്തുണയ്ക്കുമെന്ന് ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 245 അംഗ സഭയില്‍ 123 പേരുടെ പിന്തുണയാണ് വിജയിക്കാന്‍ ആവശ്യമായിട്ടുള്ളത്. പെജി കുര്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ്, രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് അനിവാര്യമായത്. നാലുപതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് പ്രതിനിധികളാണ് രാജ്യസഭാ ഉപാധ്യക്ഷ പദവിവഹിച്ചിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com