കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 105 വോട്ടുമാത്രം ; ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭ ഉപാധ്യക്ഷന്‍

ജെഡിയു എംപിയായ ഹരിവംശിന് 125 വോട്ട് ലഭിച്ചപ്പോള്‍, പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബികെ ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 105 വോട്ടുമാത്രം ; ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭ ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടു. ജെഡിയു എംപിയായ ഹരിവംശിന് 125 വോട്ട് ലഭിച്ചപ്പോള്‍, പ്രതിപക്ഷപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ബി കെ ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 


പ്രതിപക്ഷത്ത് വോട്ടുചോര്‍ച്ച ഉണ്ടായതായാണ് കോൺ​ഗ്രസിന് തിരിച്ചടിയായത്. പ്രതിപക്ഷത്തിന് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍, ബിജെഡി ഹരിവംശിനെ പിന്തുണച്ചു. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. 245 അംഗ സഭയില്‍ 123 പേരുടെ പിന്തുണയാണ് വിജയിക്കാന്‍ ആവശ്യമായിട്ടുള്ളത്. എന്നാല്‍ എഎപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും വിട്ടുനിന്നതോടെ പ്രതിപക്ഷ നീക്കം ദുര്‍ബലമാകുകയായിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ചരടുവലിച്ചത്. ഇതിനായി പാര്‍ട്ടി നേതാക്കളെ മോദി നേരിട്ട് വിളിച്ച് അഭ്യര്‍ത്ഥിച്ചു. നവീന്‍ പട്‌നായിക്കിനെ മോദി നേരിട്ട് വിളിച്ചാണ് ബിജെഡിയുടെ വോട്ട് ഉറപ്പിച്ചത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ വിളിച്ചിരുന്നു. 

എന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടി കോണ്‍ഗ്രസ് അദ്യക്ഷന്‍ രാഹുല്‍ഗാന്ധി ഫോണില്‍ പോലും വിളിച്ചില്ല. ഇതില്‍പ്രതിഷേധിച്ചാണ് ഉപാധ്യക്ഷ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ എഎപി തീരുമാനിച്ചത്. ഹരിവംശ് നാരായണ്‍ സിങ് ആദ്യമായാണ് രാജ്യസഭാംഗമായത്. 

ഹരിവംശ് നാരായണ്‍ സിങിന്റെ വിജയത്തോടെ, രാജ്യസഭ അധ്യക്ഷനും ഉപാധ്യക്ഷനും എന്‍ഡിഎ പക്ഷത്തുനിന്നും ഉള്ളവരായി. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് രാജ്യസഭ ചെയര്‍മാന്‍. പി ജെ കുര്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ്, രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് അനിവാര്യമായത്. നാലുപതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് പ്രതിനിധികളാണ് രാജ്യസഭാ ഉപാധ്യക്ഷ പദവിവഹിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com