'പ്രതിപക്ഷ സഖ്യത്തിനൊപ്പമില്ല' ; തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കെജ്‌രിവാള്‍

പൊതു തെരഞ്ഞെടുപ്പില്‍ എഎപി ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല
'പ്രതിപക്ഷ സഖ്യത്തിനൊപ്പമില്ല' ; തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി : 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ആംആദ്മി പാര്‍ട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. റോഹ്ത്തക്കില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെജ്‌രിവാള്‍ നിലപാട് വ്യക്തമാക്കിയത്. 

പൊതു തെരഞ്ഞെടുപ്പില്‍ എഎപി ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ല. സഖ്യത്തിന്റെ രാഷ്ട്രീയം ഇപ്പോള്‍ വിഷയമല്ല. ജനങ്ങള്‍ക്കും വികസനത്തിനും വേണ്ടിയുള്ളതാണ് രാഷ്ട്രീയം എന്നതാണ് തന്റെ കാഴ്ചപ്പാട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, ഡല്‍ഹിയില്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്‍ വികസനമാണ് നടത്തിയത്. ഇതിന്റെ ഒരു ശതമാനം പോലും ഈ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ 70 വര്‍ഷത്തിനിടെ നടപ്പാക്കാനായിട്ടില്ലെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. 

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ എഎപി സര്‍ക്കാര്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. ഡല്‍ഹിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയെ അപേക്ഷിച്ച് നോക്കിയാല്‍ അയല്‍പക്ക സംസ്ഥാനമായ ഹരിയാനയില്‍ വികസനം വളരെ പിന്നിലാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com