മുസ്ലീം പേരുള്ള മൂന്ന് ഗ്രാമങ്ങള്‍ക്ക്‌ ഹിന്ദുപേരുകള്‍ നല്‍കി: മിയോണ്‍ കാ ബാര ഇനി മഹേഷ് നഗര്‍

രാജസ്ഥാനിലെ മൂന്ന് ഗ്രാമങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്തതായി സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
മുസ്ലീം പേരുള്ള മൂന്ന് ഗ്രാമങ്ങള്‍ക്ക്‌ ഹിന്ദുപേരുകള്‍ നല്‍കി: മിയോണ്‍ കാ ബാര ഇനി മഹേഷ് നഗര്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ മൂന്ന് ഗ്രാമങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്തതായി സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. മുസ്ലീം പേരുകള്‍ ഹിന്ദു പേരുകളാക്കിയാണ് മാറ്റിയിരിക്കുന്നത്. മുസ്‌ലിം പേരുള്ള ഗ്രാമങ്ങള്‍ പുനര്‍നാമകരണം ചെയ്യാന്‍ രാജസ്ഥാനിലെ വസുന്ദര രാജെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതിനുളള അനുമതി ലഭിച്ചതോടെയാണ് നടപടി. 

ബാര്‍മര്‍ ജില്ലയിലെ മിയോണ്‍ കാ ബാര എന്ന ഗ്രാമത്തിന് മഹേഷ് നഗര്‍ എന്നാണ് പേര് മാറ്റി നല്‍കിയത്. ജുന്‍ജുനു ജില്ലയിലെ ഇസ്മാഈല്‍പുര്‍ ഗ്രാമത്തിന്റെ പേര് പിച്ചന്‍വ ഖുര്‍ദ് എന്നാക്കി. ജലോര്‍ ജില്ലയിലെ നര്‍പാര ഗ്രാമത്തിന്റെ പേരും മാറ്റി. നര്‍പുര എന്നാണ് ഇനി ആ ഗ്രാമം അറിയപ്പെടുക. 

നേരത്തേ ഉത്തര്‍പ്രദേശിലെ മുഗള്‍സാരായ് റെയില്‍വേ ജംങ്ഷന്‍ ദീന്‍ധയാല്‍ ഉപാധ്യയാ ജംങ്ഷനായി മാറ്റിയത് വിവാദമായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ വസുന്ധര രാജെ സര്‍ക്കാര്‍ കേന്ദ്രത്തോട് അനുമതി തേടിയത്. തുടര്‍ന്നാണ് കേന്ദ്രം ഇതിന് അനുമതി നല്‍കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദുക്കള്‍ ഏറെയുളള പ്രദേശത്ത് ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനാണ് ബിജെപി ശ്രമമെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പേര് കൃത്യമായ കാരണങ്ങള്‍ കാണിക്കാതെയാണ് പുനര്‍നാമകരണം ചെയ്യുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളുടെ പേരിന് ഇസ്‌ലാമിക ചുവയുണ്ടെന്ന് കാണിച്ച് ചിലര്‍ നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിനാണ് ബിജെപി സര്‍ക്കാര്‍ കണ്ണടച്ച് അനുമതി നല്‍കിയത്.

മിയോണ്‍ കാ ബാരയില്‍ 2,000ത്തോളം പേരാണ് ജീവിക്കുന്നത്. ഇത് ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്. വെറും നാല് കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ മുസ്‌ലിംങ്ങളായുളളത്. മുസ്‌ലിം ചുവയുളള പേര് കാരണം തങ്ങളുടെ പെണ്‍കുട്ടികളെ മറ്റ് ഗ്രാമത്തില്‍ നിന്നുളളവര്‍ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നില്ല എന്നാണ് ചിലര്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പേര് മാറ്റിയത്. എന്നാല്‍ പത്ത് വര്‍ഷം മുമ്പേ മിയോണ്‍ കാ ബാരയുടെ പേര് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതായി ബിജെപി എംഎല്‍എ ഹമീര്‍ സിങ് ബായല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com