പ്രതിഷേധമുള്ളവര്‍ സ്വന്തം വീടു കത്തിച്ചോളൂ, മറ്റുള്ളവരുടെ സ്വത്തു നശിപ്പിക്കുന്നത് അനുവദിക്കാനാവില്ല: സുപ്രിം കോടതി

പ്രതിഷേധമുള്ളവര്‍ സ്വന്തം വീടു കത്തിച്ചോളൂ, മറ്റുള്ളവരുടെ സ്വത്തു നശിപ്പിക്കുന്നത് അനുവദിക്കാനാവില്ല: സുപ്രിം കോടതി
പ്രതിഷേധമുള്ളവര്‍ സ്വന്തം വീടു കത്തിച്ചോളൂ, മറ്റുള്ളവരുടെ സ്വത്തു നശിപ്പിക്കുന്നത് അനുവദിക്കാനാവില്ല: സുപ്രിം കോടതി

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളുടെ പേരില്‍ പൊതുമുതലും സ്വകാര്യ സ്വത്തും നശിപ്പിക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്നു സുപ്രീംകോടതി. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ നിയമഭേദഗതിക്കായി കാത്തിരിക്കാനാവില്ലെന്നും കോടതി തന്നെ കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കു ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന 2009ലെ സുപ്രീംകോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

അക്രമങ്ങളുടെ ഉത്തരവാദികളെ കണ്ടെത്താനായി പ്രതിഷേധ പരിപാടികളുടെ വിഡിയോ പൊലീസ് ചിത്രീകരിക്കണമെന്ന് സുപ്രിം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ ആഴ്ചയിലും രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഇത്തരം അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്നു കോടതി പറഞ്ഞു. മറാത്ത സംവരണ പ്രക്ഷേഭവും എസ്‌സി/എസ്ടി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധവും കോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി. 

പദ്മാവത് സിനിമ റിലീസ് ചെയ്തപ്പോള്‍ നായികയുടെ മൂക്ക മുറിക്കുമെന്ന് ഒരു സംഘടന ഭീഷണിപ്പെടുത്തി. യാതൊരു നടപടിയും ഉണ്ടായില്ല. എഫ്‌ഐആര്‍ പോലും ഉണ്ടായില്ലെന്നും കോടതി പറഞ്ഞു. നിങ്ങള്‍ക്കു സിനിമ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ മറ്റൊരാളുടെ സ്വത്ത് അതിന്റെ പേരില്‍ നശിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ സ്വന്തം വീടു കത്തിച്ചു പ്രതിഷേധിക്കാം- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തു നിര്‍ദേശമാണു മുന്നോട്ടു വയ്ക്കുന്നതെന്നു കോടതി ചോദിച്ചു. അക്രമങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മേല്‍ ചുമത്തുകയാണു വേണ്ടതെന്നു അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ നിയമഭേദഗതിക്കു ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കലാപങ്ങളും അക്രമങ്ങളും അരങ്ങേറിയാല്‍ അതിന്റെ ഉത്തരവാദിത്തം അതതു സ്ഥലങ്ങളിലെ എസ്പി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ചുമത്തണമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു.

ഹര്‍ജിയില്‍ വിധി പറയുന്നതു കോടതി മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com