വര്‍ഷത്തില്‍ ഒരു തിരഞ്ഞെടുപ്പ് മാത്രമാവാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍; ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു

 ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതു പോലെ ഒന്നിച്ച് നടത്തിയാല്‍ വലിയ സാമ്പത്തിക ബാധ്യതയും ഉദ്യോഗസ്ഥബാഹുല്യവും ആവശ്യമായി വരും
വര്‍ഷത്തില്‍ ഒരു തിരഞ്ഞെടുപ്പ് മാത്രമാവാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍; ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു

 ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും സുതാര്യവുമാക്കുന്നതിനായി ഒരു വര്‍ഷം ഒരു തിരഞ്ഞെടുപ്പ് മാത്രം നടത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ്കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നതിന് പകരം പുതിയ തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ നന്നാവുമെന്നും ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 

 ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതു പോലെ ഒന്നിച്ച് നടത്തിയാല്‍ വലിയ സാമ്പത്തിക ബാധ്യതയും ഉദ്യോഗസ്ഥബാഹുല്യവും ആവശ്യമായി വരും. ആ പുരോഗതിയിലേക്ക് എത്തിച്ചേരുന്നതിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്നും രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍ അത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് സാധ്യതാ സര്‍വ്വേകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സമൂഹ മാധ്യമങ്ങളെ വിലക്കും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇക്കാര്യ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

 വിവിപാറ്റ് സംവിധാനം വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തന സുതാര്യതയെ ഉറപ്പു വരുത്തുന്നതാണെന്നും സമ്മതിദായകര്‍ വോട്ട് ചെയ്യുന്നതിന്റെ ചിത്രം പകര്‍ത്താന്‍ വിവിപാറ്റ് യന്ത്രങ്ങള്‍ക്ക് കഴിയില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം 27 ന് ദേശീയപാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടി നേതാക്കളുടെയും സര്‍വ്വകക്ഷിയോഗം കമ്മീഷന്‍ വിളിച്ചു ചേര്‍ക്കുമെന്ന് കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com