റാഫേല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ റിലയന്‍സും; കരാര്‍ ഡസോള്‍ട്ട് കമ്പനിയുമായെന്ന് വാദം

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ കിട്ടിയത് ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടില്‍ നിന്നാണെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കരാറുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും റിലയന്‍സ്
റാഫേല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ റിലയന്‍സും; കരാര്‍ ഡസോള്‍ട്ട് കമ്പനിയുമായെന്ന് വാദം

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ കിട്ടിയത് ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടില്‍ നിന്നാണെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കരാറുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും റിലയന്‍സ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങള്‍ തള്ളിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. കരാറിലെ കയറ്റുമതി മാനദണ്ഡങ്ങള്‍ പാലിക്കാനാണ് ഡസോള്‍ട്ട് റിലയന്‍സിനെ തിരഞ്ഞെടുത്തതെന്നും വിദേശ കമ്പനി ഇന്ത്യയിലെ പാര്‍ട്ണര്‍ കമ്പനിയെ തിരഞ്ഞെടുത്തതില്‍ പ്രതിരോധ മന്ത്രാലയത്തിന് പങ്കാളിത്തമില്ലെന്നും റിലയന്‍സ് വ്യക്തമാക്കി. 

റാഫേല്‍ കരാറില്‍ പറയുന്നത് 36 വിമാനങ്ങള്‍ പറത്താന്‍ പറ്റുന്ന അവസ്ഥയില്‍ കയറ്റുമതി ചെയ്യണമെന്നാണ്. എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലല്ല എന്നതിനാല്‍ തന്നെ നിര്‍മാണ കമ്പനിയായ എച്ച്.എ.എല്ലുമായി സഹകരിക്കേണ്ട ആവശ്യമില്ലെന്നും റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് സി.ഇ.ഒ രാജേഷ് ദിന്‍ഗ്ര പറഞ്ഞു. 

യു.പി.എ ഭരണകാലത്ത് നിശ്ചയിച്ചിരുന്നതിലും ഉയര്‍ന്ന തുകയില്‍ റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചത് റിലയന്‍സിന് വേണ്ടിയാണെന്നും ഇതില്‍ വലിയ അഴിമതി ഉണ്ടെന്നും ആരോപിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉപയോഗിച്ച് വരുന്നതിനിടെയാണ് റിലയന്‍സിന്റെ ഭാഗത്ത് നിന്ന് സര്‍ക്കാരിനെ രക്ഷിക്കുന്ന തരത്തിലുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടാണ് റിലയന്‍സ് ഡിഫന്‍സ് സി.ഇ.ഒ പ്രതികരിച്ചത്. നേരത്തെ ഇതേ കാരണങ്ങള്‍ റിലയന്‍സ് ഉടമ അനില്‍ അംബാനിയും രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com