രണ്ട് ബിജെപി എംഎല്‍എമാര്‍, സര്‍ക്കാര്‍ വക്കീല്‍ തുടങ്ങിയവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെ 'സ്ഥിരം കസ്റ്റമര്‍മാര്‍' ; സെക്‌സ് റാക്കറ്റ് കേസില്‍ അസം പൊലീസിന്റെ വെളിപ്പെടുത്തല്‍

പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്
രണ്ട് ബിജെപി എംഎല്‍എമാര്‍, സര്‍ക്കാര്‍ വക്കീല്‍ തുടങ്ങിയവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെ 'സ്ഥിരം കസ്റ്റമര്‍മാര്‍' ; സെക്‌സ് റാക്കറ്റ് കേസില്‍ അസം പൊലീസിന്റെ വെളിപ്പെടുത്തല്‍

സില്‍ചര്‍ :  അസമിലെ സില്‍ചര്‍ ടൗണിലെ മെഹര്‍പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രത്തില്‍ സംസ്ഥാനത്തെ രണ്ട് ബിജെപി എംഎല്‍എമാര്‍ നിത്യസന്ദര്‍ശകരാണെന്ന് പൊലീസ്. അസം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് ബിജെപി എംഎല്‍എമാര്‍, ഒരു എഐയുഡിഎഫ് എംഎല്‍എ, മുനിസിപ്പല്‍ കമ്മീഷണര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ അറ്റോര്‍ണി എന്നിവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെ സ്ഥിരം കസ്റ്റമര്‍മാരായിരുന്നുവെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. 

പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ബിജെപി എംഎല്‍എമാരായ അമിനുള്‍ ഹഖ് ലാസ്‌കര്‍, കിഷോര്‍ നാഥ്, എഐയുഡിഎഫ് എംഎല്‍എ നിസാമുദ്ദീന്‍ ചൗധരി എന്നിവര്‍ക്കെതിരെയാണ് യുവതികള്‍ ആരോപണം ഉന്നയിച്ചത്. ഇവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും മെഹര്‍പൂരിലെ പുഷ്പ വിഹാര്‍ ലെയ്‌നില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തിലെ സ്ഥിരം കസ്റ്റമര്‍മാരാണെന്ന് യുവതികള്‍ വെളിപ്പെടുത്തിയിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരി അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്‌ഐആറില്‍ പേര് ഉള്‍പ്പെട്ട എംഎല്‍എമാര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എംഎല്‍എമാര്‍ക്കെതിരായ ആരോപണം വിശദമായി അന്വേഷിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി രാകേഷ് റോഷന്‍ വ്യക്തമാക്കി. 

അതേസമയം ആരോപണം എംഎല്‍എമാര്‍ നിഷേധിച്ചു. ആഗസ്റ്റ് എട്ടിന്, പെണ്‍വാണിഭ നടത്തിപ്പുകാരിയുടെ മകളുടെ ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. തന്നെ കൊല്ലാന്‍ ശ്രമിക്കുന്നവരുടെ അടുത്ത് താന്‍ എങ്ങനെ നിത്യ സന്ദര്‍ശകനാകുമെന്ന് എംഎല്‍എ അമിനുള്‍ ഹഖ് ചോദിച്ചു. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നായിരുന്നു മറ്റൊരു ബിജെപി എംഎല്‍എയായ കിഷോര്‍നാഥിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com