ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായ അജിത് വഡേക്കര്‍ അന്തരിച്ചു
ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന അജിത് വഡേക്കര്‍(77 വയസ്) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സികെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നായകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ചവരില്‍ ഒരാളായി എണ്ണപ്പെടുന്ന താരമാണ് വഡേക്കര്‍. രേഖയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

1971ല്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ച് ചരിത്രമെഴുതിയ ക്യാപ്റ്റനാണ് വഡേക്കര്‍. സുനില്‍ ഗാവസ്‌കര്‍, ഫാറൂഖ് എന്‍ജീനിയര്‍, ആബിദ് അലി, ബിഷന്‍സിങ് ബേദി, പ്രസന്ന, ബി.ചന്ദ്രശേഖര്‍, എസ്.വെങ്കിട്ടരാഘവന്‍ തുടങ്ങിയ പ്രതിഭാധനരുള്‍പ്പെട്ട ടീമുമായിട്ടായിരുന്നു വഡേക്കറിന്റെ ചരിത്രനേട്ടം. 1972–73 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ വിജയം നേടിയും റെക്കോര്‍ഡിട്ടു.

എന്നാല്‍, 1974ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ മൂന്നു ടെസ്റ്റുകളിലും തോറ്റത് തിരിച്ചടിയായി. പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും നിറം മങ്ങിയതോടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയേണ്ടിവന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഇദ്ദേഹം, പേരെടുത്ത സ്ലിപ് ഫീല്‍ഡറുമായിരുന്നു.

1941 ഏപ്രില്‍ ഒന്നിന് മുംബൈയിലാണ് വഡേക്കറിന്റെ ജനനം. 1958ല്‍ ബോംബെയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ വഡേക്കര്‍, 237 മല്‍സരങ്ങളില്‍നിന്നായി 15,380 റണ്‍സും പേരിലാക്കി. 1966ല്‍ ഇന്ത്യന്‍ ടീമിലെത്തി. ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 37 ടെസ്റ്റുകളിലായി 31.07 റണ്‍സ് ശരാശരിയില്‍ 2113 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ചുറിയും 14 അര്‍ധസെഞ്ചുറികളും വഡേക്കറിന്റെ പേരിലുണ്ട്. രാജ്യാന്തര കരിയറിലെ ഏക സെഞ്ചുറിയായ 143 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍.

1974 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്‌സിലായിരുന്നു ഏകദിന അരങ്ങേറ്റം. രണ്ട് ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഇദ്ദേഹം 73 റണ്‍സും സ്വന്തമാക്കി. നാലുവട്ടം മുംബൈയെ രഞ്ജി ട്രോഫി ജേതാക്കളാക്കിയ വഡേക്കര്‍ 1974ല്‍ വിരമിച്ചു. 199899ല്‍ സീനിയര്‍ ടീമിന്റെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി.

199192 മുതല്‍ 199596വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ കോച്ചായി സേവനമനുഷ്ഠിച്ച ഇന്ത്യക്കാരനാണു വഡേക്കര്‍. കോച്ചെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. ഇന്ത്യന്‍ ടീം അദ്ദേഹത്തിന്റെ കീഴില്‍ കുറെ മികച്ച വിജയങ്ങള്‍ കുറിച്ചു. ക്രിക്കറ്റ് ഭരണാധികാരികളുടെ പൂര്‍ണ പിന്തുണ ലഭിക്കാന്‍ ഭാഗ്യം ലഭിച്ച വഡേക്കര്‍ 1996ല്‍ ആ സ്ഥാനം വിട്ടൊഴിഞ്ഞു. ആ വര്‍ഷം നടന്ന ലോകകപ്പാണ് അദ്ദേഹത്തെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചത്. സെമിയില്‍ ശ്രീലങ്കയോടു തകര്‍ന്നതോടെ അദ്ദേഹം പരിശീലകസ്ഥാനം രാജിവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com