മഹാമൗനങ്ങളുടെ കവി; മികച്ച പാര്‍ലമെന്റേറിയന്‍, സൗമ്യനായ ഭരണാധികാരി..അടല്‍ ബിഹാരി വാജ്‌പേയിയെ ഓര്‍ക്കുമ്പോള്‍

രാഷ്ട്രീയ സാധര്‍മ്മ്യം കൊണ്ടും സാംസ്‌കാരിക മിതത്വം കൊണ്ടും ലിബറല്‍ നിലപാടുകള്‍ കൊണ്ടും അദ്ദേഹം ശ്രദ്ധനേടി.ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയ ചുരുക്കം ചില രാഷ്ട്രീയക്കാരി
മഹാമൗനങ്ങളുടെ കവി; മികച്ച പാര്‍ലമെന്റേറിയന്‍, സൗമ്യനായ ഭരണാധികാരി..അടല്‍ ബിഹാരി വാജ്‌പേയിയെ ഓര്‍ക്കുമ്പോള്‍

'ക്ഷമാ കരോ ബാപ്പൂ,നിങ്ങള്‍ ഞങ്ങള്‍ ഇന്ത്യാക്കാരുടേതാണ്,  തെറ്റ് ചെയ്തു പോയി' എന്ന് തന്റെ കവിതയിലൂടെ പറയാന്‍ ആര്‍ജ്ജവമുണ്ടായ ഒരാളേ തീവ്ര വലുതപക്ഷ രാഷ്ട്രീയത്തില്‍ നിന്നും ഉണ്ടായിരുന്നുള്ളൂ. ആ ശബ്ദം അടല്‍ ബിഹാരി വാജ്‌പേയി എന്ന സൗമ്യനായ മനുഷ്യന്റേതായിരുന്നു.  സ്വച്ഛമായ നദിയുടെ ഒഴുക്ക് പോലെയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി എന്ന മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജീവിതം. കവി, പത്രപ്രവര്‍ത്തകന്‍, മികച്ച വാഗ്മി എന്നീ വിശേഷണങ്ങളാവും തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനും മുന്‍ പ്രധാനമന്ത്രിയെന്നതിനും പുറമേ അദ്ദേഹത്തിന് നല്‍കാനാവുക.

കവിയും അധ്യാപകനുമായ കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണ ദേവിയുടെയും മകനായി 1924 ലെ ക്രിസ്തുമസ് ദിനത്തില്‍ ഗ്വാളിയാറിലായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി ജനനം. ഗ്വാളിയാര്‍ വിക്ടോറിയ കോളെജില്‍ നിന്ന് ബിരുദവും കാണ്‍പൂരില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. ആര്‍എസ്എസ് പ്രചാരകായിരുന്ന വാജ്‌പേയി ദീന്‍ദയാല്‍ ഉപാധ്യായ, രാഷ്ട്രധര്‍മ്മ, പാഞ്ചജന്യം, സ്വദേശ്, വീര്‍ അര്‍ജുന്‍ എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു.

1957 ല്‍ ഭാരതീയ ജനസംഘ് പ്രതിനിധിയായാണ് വാജ്‌പേയ് ആദ്യമായി പാര്‍ലമെന്റിലേക്ക് എത്തിയത്. 1977 ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുഎന്‍ പൊതുസഭയില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യത്തെയാള്‍ എന്ന ഖ്യാതി നേടി. ജനതാ സര്‍ക്കാരിന്റെ പതനത്തോടെയാണ് അക്കാലത്തെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാക്കളിലൊരാളായി അടല്‍ ബിഹാരി വാജ്‌പേയി മാറിയത്. 

 മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ അദ്ദേഹം 1996 ല്‍ വെറും 13 ദിവസം മാത്രമാണ് ഭരണത്തില്‍ ഇരുന്നത്. ഭൂരിപക്ഷം തെളിയിക്കാനാവാതെ പതിമൂന്നാം ദിവസം പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് 1998 ല്‍ വീണ്ടും പ്രധാനമന്ത്രി പദം വാജ്‌പേയിയെ തേടിയെത്തി. പൊഖ്‌റാനില്‍ അണുപരീക്ഷണം വിജയകരമായി ഇന്ത്യ പൂര്‍ത്തിയാക്കിയതും വാജ്‌പേയിയുടെ കാലത്താണ്. മുസ്ലിം ന്യൂനപക്ഷത്തോട് അനുഭാവ പൂര്‍വം പെരുമാറിയിരുന്നുവെങ്കിലും ഗുജറാത്ത് കൂട്ടക്കൊലയുടെ സമയത്ത് വാജ്‌പേയിയുടെ നിശബ്ദത ചോദ്യം ചെയ്യപ്പെട്ടു. ഐടിയില്‍ ഒന്നാമതെത്തിയതും സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത കൈവരിച്ചതും വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തായിരുന്നു. 

രാഷ്ട്രീയ സാധര്‍മ്മ്യം കൊണ്ടും സാംസ്‌കാരിക മിതത്വം കൊണ്ടും ലിബറല്‍ നിലപാടുകള്‍ കൊണ്ടും അദ്ദേഹം ശ്രദ്ധനേടി.ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയ ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ ഒരാളായാവും ചരിത്രം വാജ്‌പേയിയെ ഓര്‍ക്കുക.

ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യവുമായി 2004 ലെ തിരഞ്ഞെടുപ്പിനെ നേരിട്ട വാജ്‌പേയിക്ക് പക്ഷേ  തിരഞ്ഞെടുപ്പില്‍ കാലിടറി. 2005 ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച വാജ്‌പേയിയെ 2014 ഡിസംബറില്‍ രാജ്യം ഭാരത് രത്‌ന നല്‍കി ആദരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com