' ഞാന്‍ അവരുടെ അതിഥിയായിരുന്നു'; പാക് സൈനിക മേധാവിയെ ആശ്ലേഷിച്ചതില്‍ തെറ്റില്ലെന്ന് നവ് ജ്യോത് സിദ്ദു 

നമ്മള്‍ ഒരേ സംസ്‌കാരം പങ്കുവയ്ക്കുന്നവരാണ് എന്ന് പറഞ്ഞ് ഒരാള്‍ നിങ്ങളെ ചേര്‍ത്ത് പിടിച്ചാല്‍ നിങ്ങള്‍ എന്താവും ചെയ്യുക?
' ഞാന്‍ അവരുടെ അതിഥിയായിരുന്നു'; പാക് സൈനിക മേധാവിയെ ആശ്ലേഷിച്ചതില്‍ തെറ്റില്ലെന്ന് നവ് ജ്യോത് സിദ്ദു 

അമൃത്സര്‍: പാക് സൈനിക മേധാവിയെ താന്‍ ആശ്ലേഷിച്ചത് സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളില്‍ കാര്യമില്ലെന്ന് പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന നവ്‌ജ്യോത് സിങ് സിദ്ദു. ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അവിടേക്ക് പോയത് എന്നും അവരുടെ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു താനെന്നും സിദ്ദു പറഞ്ഞു. അവര്‍ ഇരിക്കാന്‍ പറയുന്ന സ്ഥലത്തേ അതിഥിക്ക് ഇരിക്കാന്‍ സാധിക്കൂ.പാക് അധിനിവേശ കശ്മീര്‍ മേധാവിയ്‌ക്കൊപ്പം ഇരുന്നത് മനഃപൂര്‍വ്വമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നമ്മള്‍ ഒരേ സംസ്‌കാരം പങ്കുവയ്ക്കുന്നവരാണ് എന്ന് പറഞ്ഞ് ഒരാള്‍ നിങ്ങളെ ചേര്‍ത്ത് പിടിച്ചാല്‍ നിങ്ങള്‍ എന്താവും ചെയ്യുക? എന്നും സിദ്ദു ചോദിച്ചു. സമാധാനം ആണ് നമുക്ക് വേണ്ടതെന്ന് പട്ടാളമേധാവി തന്നോട് പറഞ്ഞതായും സിദ്ദു വെളിപ്പെടുത്തി. ഗുരുനാനാക്കിന്റെ 550-ാമത് പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കര്‍താര്‍പൂര്‍ പാത തുറക്കുന്നതിനെ കുറിച്ച് പാകിസ്ഥാന്‍ ആലോചിക്കുന്നതായും പട്ടാളമേധാവി സിദ്ദുവിനോട് പറഞ്ഞിരുന്നു.

അതേസമയം പാകിസ്ഥാന്‍ പട്ടാള മേധാവിയെ ആശ്ലേഷിച്ച സിദ്ദുവിന്റെ നടപടിയോട് തനിക്ക് യോജിപ്പില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ സൈനികര്‍ ദിവസവും കൊല്ലപ്പെടുമ്പോള്‍ പാക് പട്ടാളമേധാവിയോട് സ്‌നേഹം പ്രകടിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് താന്‍ കരുതുന്നില്ല. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പഞ്ചാബികളെ പാക്‌സൈന്യം വധിച്ചത് എന്നോര്‍ത്താല്‍ ഇങ്ങനെ ചെയ്യാന്‍ സിദ്ദുവിന് സാധിക്കുകയില്ലായിരുന്നു. അവരെ കൊല്ലാന്‍ ഉത്തരവിട്ടത് ഇതേ ബാജ്വ തന്നെയായിരുന്നുവെന്നും അമരീന്ദര്‍ തുറന്നടിച്ചിരുന്നു. 

പാകിസ്ഥാന്‍ സൈനിക മേധാവിയായ ഖ്വമര്‍ ജാവേദ് ബാജ്വയെ ആശ്ലേഷിച്ചത് വഴി സിദ്ദു രാജ്യത്തെ ഒറ്റു കൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com