മദ്യക്കടത്ത് മുതല്‍ ക്വട്ടേഷന്‍ കൊലപാതകം വരെ;  ഒടുവില്‍ 62കാരിയായ 'മമ്മി' കുടുങ്ങി

കുപ്രസിദ്ധ വനിതാ ക്രിമിനല്‍ 'മമ്മി' എന്നറിയപ്പെടുന്ന ബസിരനെ പോലീസ് അറസ്റ്റ് ചെയ്തു
മദ്യക്കടത്ത് മുതല്‍ ക്വട്ടേഷന്‍ കൊലപാതകം വരെ;  ഒടുവില്‍ 62കാരിയായ 'മമ്മി' കുടുങ്ങി

ന്യൂഡല്‍ഹി: കുപ്രസിദ്ധ വനിതാ ക്രിമിനല്‍ 'മമ്മി' എന്നറിയപ്പെടുന്ന ബസിരനെ പോലീസ് അറസ്റ്റ് ചെയ്തു. 113 കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയും കൊള്ളസംഘ നേതാവുമായ ബസിരനെ ശനിയാഴ്ചയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ സ്വദേശിനിയും 62കാരിയുമായ ഇവര്‍ രണ്ട് ദശാബ്ധമായി വിവിധ കുറ്റകൃത്യങ്ങളാണ് നടത്തുന്നത്. കൂട്ടാളികള്‍ 'മമ്മി' എന്ന് വിളിക്കുന്ന ഇവരെ സംഗം വിഹാറില്‍ കുടുംബാംഗങ്ങളെ കാണാനെത്തിയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകം, കളവ്, പിടിച്ചുപറി, ക്വാട്ടേഷന്‍ കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തല്‍, മദ്യക്കടത്ത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 
ഇവരും എട്ട് മക്കളും ചേര്‍ന്നാണ് കുറ്റകൃത്യങ്ങള്‍ നടത്താറുള്ളത്. നിലവില്‍ രണ്ട് മക്കള്‍ ക്വട്ടേഷന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇവരും കൂട്ടാളികളും ചേര്‍ന്ന് മിരാജ് എന്ന 21കാരനെ കൊല്ലാനുള്ള കരാര്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് മദ്യം നല്‍കാമെന്നു പറഞ്ഞ് ഇയാളെ കാട്ടിനുള്ളില്‍ കൂട്ടികൊണ്ട് പോകുകയും കൊലപ്പെടുത്തി കത്തിച്ച് കളയുകയുമായിരുന്നു.

സംഭവത്തിന് ഒരാഴ്ച ശേഷം മാത്രമാണ് പൊലീസിന് കൊലപാതകത്തെ കുറിച്ച് അറിവ് ലഭിച്ചത്. കാട്ടിലൂടെ പോയ ഒരാള്‍ ചീഞ്ഞളിഞ്ഞ നിലയില്‍ മൃതദേഹം കാണുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യ പ്രതിയായ ബസിരന്‍ രക്ഷപ്പെടുകയായിരുന്നു.

സംഗം വിഹാറിലെ മൂന്ന് സര്‍ക്കാര്‍ കുഴല്‍ കിണറുകളുടെ പൂര്‍ണ നിയന്ത്രണം ബസിരനും കുടുംബവും കൈയടക്കി വച്ചിരിക്കുകയായിരുന്നു. അനധികൃതമായി വെള്ളം വില്‍ക്കുന്നത് പതിവാക്കിയ ഇവര്‍ ഓരോ വീടുകളില്‍ നിന്നും 600 രൂപ മുതല്‍ 1000 രൂപ വരെ  പിരിച്ചെടുക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. 

ബസിരനൊപ്പം നാലോളം സ്ത്രീകള്‍ വേറെയുമുണ്ട് ഈ സംഘത്തില്‍. ഉത്തര്‍പ്രദേശിലെ അഹമ്മദാബാദ്, ഡല്‍ഹി, അലഹബാദ്, മെയ്ന്‍പുരി തുടങ്ങി പല സ്ഥലങ്ങളിലായി സ്വന്തമായി വീടുണ്ട് ബസിരന്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മല്‍ഖന്‍ സിങ് എന്നയാളെ വിവാഹം കഴിച്ച് ഡല്‍ഹിയിലെത്തിയ ഇവര്‍ 80കളുടെ അവസാനത്തിലാണ് സംഗം വിഹാറിലേക്ക് താമസത്തിനെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഗോവിന്ദ്പുരി ചേരികളിലാണ് ഇവര്‍ താമസിച്ചത്. 

90കള്‍ക്ക് ശേഷമാണ് ബസിരന്‍ അധോലക പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പിന്നീട് എട്ട് മക്കളേയും തന്റെ കൂട്ടാളികളാക്കിയാണ് ഇവര്‍ പ്രവര്‍ത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com