പ്രളയക്കെടുതി; മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികള്‍ ഒന്നേകാല്‍ ലക്ഷം നല്‍കും

പ്രളയദുരന്തം നേരിടുന്ന കേരളത്തിന് 21,000 രൂപയാണ് ലൈംഗിക തൊഴിലാളികള്‍ സംഭാവനയായി നല്‍കിയത്. ഇതിന് പുറമെ ഒരു ലക്ഷം രൂപ നല്‍കുമെന്നും പണം സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അവര്‍ പറയുന്നു
പ്രളയക്കെടുതി; മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികള്‍ ഒന്നേകാല്‍ ലക്ഷം നല്‍കും

മുംബൈ: പ്രളയം അവസാനിച്ച് കേരളം തിരിച്ചുകയറാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗത്തു നിന്നും കേരളത്തിനെ പുനര്‍നിര്‍മ്മിക്കാനുള്ള സഹായങ്ങള്‍ വരുന്നുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികളും തങ്ങളാലാവുന്ന സഹായവുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി. 

പ്രളയദുരിതം നേരിടുന്ന കേരളത്തിന് 21,000 രൂപയാണ് ലൈംഗിക തൊഴിലാളികള്‍ സംഭാവനയായി നല്‍കിയത്. ഇതിന് പുറമെ ഒരു ലക്ഷം രൂപ നല്‍കുമെന്നും പണം സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അവര്‍ പറയുന്നു. കേരളത്തിന് നല്‍കേണ്ട പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് അവര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി അഹമ്മദ്‌നഗര്‍ ഡെപ്യൂട്ടി കലക്ടര്‍ പ്രശാന്ത് പാട്ടീലിന് സഹായധനത്തിന്റെ ചെക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

സ്‌നേഹാലയ എന്ന സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഈ മാസം അവസാനം ഒരു ലക്ഷം രൂപയുടെ സഹായവും കൈമാറുമെന്ന് സ്‌നേഹാലയയുടെ സ്‌നേഹജ്യോത് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ദീപക് ബുരം പറഞ്ഞു. ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്‌നേഹാലയ. 30 വര്‍ഷമായി ഈ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് ദീപക് ബുര.  

കഴിഞ്ഞ ഇരുപത് വര്‍ഷമായി രാജ്യത്ത് എവിടെ പ്രകൃതി ദുരന്തമുണ്ടായാലും മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാറുണ്ടെന്ന് ദീപക് പറഞ്ഞു. ചെന്നൈയില്‍ പ്രളയം ഉണ്ടായപ്പോഴും ഇവര്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 2001ലെ ഗുജറാത്ത് ഭൂകമ്പം, 2004ലെ സുനാമി, കാശ്മീര്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയ സമയത്തും ഇവര്‍ തങ്ങളാലാവുന്ന സഹയാമെത്തിച്ചിട്ടുണ്ട്. ഇതുവരെയായി 27 ലക്ഷം രൂപയാണ് വിവിധ ദുരിതാശ്വാസ നിധികളിലേക്ക് തൊഴിലാളികള്‍ സംഭാവനയായി നല്‍കിയിട്ടുള്ളതെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com