'നിങ്ങളേക്കാൾ വിവരം ഇന്ത്യക്കാർക്കുണ്ട്' ; രാഹുലിനെ കടന്നാക്രമിച്ച് അമിത് ഷാ, കോൺ​ഗ്രസ് 'തട്ടിപ്പ് പാർട്ടി'യെന്നും പരിഹാസം

സ്വയം ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്  രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അമിത് ഷാ
'നിങ്ങളേക്കാൾ വിവരം ഇന്ത്യക്കാർക്കുണ്ട്' ; രാഹുലിനെ കടന്നാക്രമിച്ച് അമിത് ഷാ, കോൺ​ഗ്രസ് 'തട്ടിപ്പ് പാർട്ടി'യെന്നും പരിഹാസം

ന്യൂഡല്‍ഹി: റാഫേല്‍ കരാർ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ  സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. റാഫേല്‍ വിമാനങ്ങളുടെ വിലയെക്കുറിച്ച് പലയിടത്തും പല കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. ഡല്‍ഹി, കര്‍ണാടക, റായ്പുര്‍, ഹൈദരാബാദ്, ജെയ്പുര്‍, പാര്‍ലമെന്റ് ഇവിടങ്ങളിലൊക്കെ റാഫേല്‍ വിലയെക്കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇന്ത്യക്കാര്‍ക്ക് നിങ്ങളേക്കാള്‍ വിവരം ഉണ്ടെന്ന് രാഹുല്‍ മനസ്സിലാക്കണം-അമിത്ഷാ പറഞ്ഞു. 

സ്വയം ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്  രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജെപിസി അന്വേഷണം എന്തുകൊണ്ട് ആയിക്കൂടാ, 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കൂ എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി, എന്തിനാണ് 24 മണിക്കൂർ കാത്തിരിക്കുന്നത്. ജെപിസി എന്നതിന് കോണ്‍ഗ്രസിനെ പരിഹസിച്ച്‌  നിങ്ങള്‍ക്ക് സ്വന്തമായി ഝൂഠി പാര്‍ട്ടി കോണ്‍ഗ്രസ് ( തട്ടിപ്പ് പാര്‍ട്ടി) ഉണ്ടല്ലോയെന്നും അമിത് ഷാ പറഞ്ഞു. 

റാഫേല്‍ കരാറില്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇതിന് മറുപടിയായി  റാഫേല്‍ കൊള്ളയേക്കുറിച്ച് രാജ്യത്തിന്റെ ശ്രദ്ധ തിരികെ കൊണ്ടുവന്നതില്‍ നന്ദിയുണ്ടെന്ന് കാട്ടി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് അമിത് ഷാ രംഗത്ത് വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com