ഓഖി ദുരിതാശ്വാസ ഫണ്ട് എവിടെ, ഇടത്തരക്കാര്‍ക്ക് നികുതി ഇളവ് എവിടെ; ബജറ്റിനെ വിമര്‍ശിച്ച് ശശി തരൂര്‍

പാവങ്ങളുടെയും ഇടത്തരക്കാരുടെയും വികാരങ്ങളെ സ്പര്‍ശിക്കാത്ത ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് ശശി തരൂര്‍
ഓഖി ദുരിതാശ്വാസ ഫണ്ട് എവിടെ, ഇടത്തരക്കാര്‍ക്ക് നികുതി ഇളവ് എവിടെ; ബജറ്റിനെ വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാവങ്ങളുടെയും ഇടത്തരക്കാരുടെയും വികാരങ്ങളെ സ്പര്‍ശിക്കാത്ത ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. 

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒരു ഇളവും സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. ഇടത്തരക്കാര്‍ക്ക് നികുതി ഇളവുമില്ല.ഓഖി ദുരന്തത്തെകുറിച്ച് ബജറ്റ് മൗനം പാലിക്കുന്നതായും ശശി തരൂര്‍ വിമര്‍ശിച്ചു. 

50 കോടി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന വാഗ്ദാനത്തോടെ ബജറ്റില്‍ പ്രഖ്യാപിച്ച ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിക്ക് ഫണ്ട് എവിടെയെന്ന് ശശി തരൂര്‍ ചോദിച്ചു. ബജറ്റില്‍ കാര്യമായി തുക നീക്കിവെച്ചതായി പറയുന്നില്ല. മോദി സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ച ഫസല്‍ ഭീമാ യോജന പോലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഗുണകരമാകുന്നതാണോ പുതിയ പദ്ധതിയെന്നും ശശിതരൂര്‍ ചോദിച്ചു.

ബജറ്റില്‍ പ്രഖ്യാപിച്ച ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തുവന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് പി ചിദംബരം കുറ്റപ്പെടുത്തി. ഇതിനാവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നും ചിദംബരം ചോദിച്ചു. സമാനമായ നിലയില്‍ വിളകള്‍ക്ക് ഉല്‍പ്പാദനചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവിലയായി ഉറപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെയും ചിദംബരം ചോദ്യം ചെയ്തു. ഇതിന്റെ സാമ്പത്തികവശങ്ങളെ കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നതായും ചിദംബരം കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com