ആരോഗ്യരംഗത്ത് കേരളത്തിന്റെ കുതിപ്പ് ;  ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത് ; ഏറ്റവും പിന്നില്‍ യോഗി ആദിത്യനാഥിന്റെ യുപി

കേന്ദ്ര സര്‍ക്കാരിന്റെ പ്ലാനിംഗ് ബോഡിയായ നീതി ആയോഗ് ഹെല്‍ത്ത് ഇന്‍ഡക്‌സ് തയ്യാറാക്കിയത്
ആരോഗ്യരംഗത്ത് കേരളത്തിന്റെ കുതിപ്പ് ;  ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത് ; ഏറ്റവും പിന്നില്‍ യോഗി ആദിത്യനാഥിന്റെ യുപി

ന്യൂഡല്‍ഹി : നീതി ആയോഗിന്റെ പുതിയ ആരോഗ്യ സൂചിക പുറത്തുവന്നു.സൂചികയിലെ റിപ്പോര്‍ട്ട് പ്രകാരം കേരളമാണ് രാജ്യത്ത് ആരോഗ്യരംഗത്ത് ഏറ്റവും മികച്ച നേട്ടം കൈവരിച്ച സംസ്ഥാനം. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും വിലയിരുത്തിയാണ്, കേന്ദ്ര സര്‍ക്കാരിന്റെ പ്ലാനിംഗ് ബോഡിയായ നീതി ആയോഗ് ഹെല്‍ത്ത് ഇന്‍ഡക്‌സ് തയ്യാറാക്കിയത്. കേരളത്തിന് പിന്നില്‍ പഞ്ചാബും തമിഴ്‌നാടുമാണുള്ളത്.

ആരോഗ്യപരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവര്‍ത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. 2014 മുതല്‍ 2016 വരെയുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും രേഖകളും വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍ 80 പോയന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് ആരോഗ്യസൂചികയില്‍ ഏറ്റവും പിന്നില്‍. യുപി കൂടാതെ രാജസ്ഥാന്‍, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളെല്ലാം ആരോഗ്യരംഗത്ത് വളരെ പരിതാപകരമാണെന്ന് നീതി ആയോഗ് പുറത്തുവിട്ട സൂചിക വ്യക്തമാക്കുന്നു. 

ചെറിയ സംസ്ഥാനങ്ങളില്‍ മിസോറാമാണ് സൂചികയില്‍ മുന്നിലുള്ളത്. മണിപ്പൂര്‍, ഗോവ എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ആരോഗ്യ രംഗത്ത് സഹകരണ മേഖല അടക്കം എല്ലാ ഘടകങ്ങളെയും ഉള്‍പ്പെടുത്തി കൈവരിച്ച നേട്ടമാണ് ഹെല്‍ത്ത് ഇന്‍ഡെക്‌സ് തയ്യാറാക്കാനായി പരിഗണിച്ചതെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com