നെഹ്‌റു പ്രധാനമന്ത്രിയായത് പതിനഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ട്: വരുണ്‍ ഗാന്ധി 

ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ക്ക് പരോക്ഷ മറുപടിയുമായി ബിജെപി നേതാവ് വരുണ്‍ ഗാന്ധി.
നെഹ്‌റു പ്രധാനമന്ത്രിയായത് പതിനഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ട്: വരുണ്‍ ഗാന്ധി 

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ക്ക് പരോക്ഷ മറുപടിയുമായി ബിജെപി നേതാവ് വരുണ്‍ ഗാന്ധി.  

രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ആഡംബര ജീവിതമാണ് നയിച്ചതെന്നാണ് ജനങ്ങളുടെ ചിന്ത. ഒരു രാജാവിനെ പോലെ എല്ലാവിധ സുഖസൗകര്യങ്ങളോടുകൂടിയാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും ജനം കരുതുന്നു. എന്നാല്‍ ജനങ്ങള്‍ വിസ്മരിച്ചുപോയ ഒരു കാര്യമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് നെഹ്‌റുവിനെ പ്രകീര്‍ത്തിച്ചായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രസ്താവന. പതിനഞ്ചര വര്‍ഷകാലം ജയിലില്‍ ജീവിതം തളളി നീക്കിയ ശേഷമാണ് നെഹ്‌റു പ്രധാനമന്ത്രിയായത് എന്ന കാര്യം മറക്കരുതെന്ന് വരുണ്‍ ഗാന്ധി ഓര്‍മ്മിപ്പിക്കുന്നു. കുടുംബത്തെയും തന്റെ ശരീരത്തിലേറ്റ മുറിവുകളെയും എല്ലാം വകവെയ്ക്കാതെ രാജ്യത്തിന്റെ മോചനത്തിനായി ജീവിതം ത്യജിച്ച വ്യക്തിയാണ് നെഹ്‌റുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നെഹ്‌റുവിനെ ഇകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആയിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്‌നം ഇങ്ങനെയാകുമായിരുന്നില്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഈ പശ്ചാത്തലത്തില്‍ നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് വരുണ്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് ഏറേ രാഷ്ട്രീയ മാനം കല്‍പ്പിക്കുന്നു. വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന കിംവദന്തികള്‍ക്ക് പിന്നാലെയാണ് ബിജെപിയുടെ നിലപാടില്‍ നിന്നും വൃത്യസ്തമായി വരുണ്‍ ഗാന്ധിയുടെ പ്രതികരണം.


സി ആര്‍സ ദാസ്, നെഹ്‌റു, ലാലാ ലജ്പത് റായി തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ വ്യത്യസ്തമെങ്കിലും വ്യക്തമായ പ്രത്യയശാസ്ത്രം മുറുകെ പിടിച്ചിരുന്നു. ഇന്ന് ഹൃദയത്തില്‍ കൈവച്ച് നിങ്ങള്‍ക്ക് രാഷ്ട്രീയക്കാര്‍ ഏത് പ്രത്യയശാസ്ത്രത്തിലാണ് വിശ്വാസിക്കുന്നതെന്ന് തറപ്പിച്ചുപറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. കൃഷി, തൊഴില്‍, വിദേശനയം തുടങ്ങിയവയെ കുറിച്ച് രാഷ്ട്രീയക്കാര്‍ എന്താണ് ചിന്തിക്കുന്നതെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എംപിമാരുടെ സമ്പത്ത് കുന്നുകൂടുന്നതിലും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ശമ്പള വര്‍ധനയ്ക്കായി പാര്‍ലമെന്റില്‍ എംപിമാര്‍ മുറവിളി കൂട്ടുന്നതില്‍ താന്‍ ലജ്ജിക്കുന്നതായും വരുണ്‍ ഗാന്ധി ചൂണ്ടികാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com