ത്രിപുരയിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി സഖ്യത്തിന്റെ സ്ഥാനാർത്ഥി

മണ്ഡ്വായി മണ്ഡലത്തിലാണ് ബിജെപി സഖ്യസ്ഥാനാർത്ഥിയായി ശന്തനു ഭൗമിക് കൊലക്കേസ് പ്രതി ധീരേന്ദ്ര ഡെബ്ബാർമ മൽസരിക്കുന്നത് 
ത്രിപുരയിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി സഖ്യത്തിന്റെ സ്ഥാനാർത്ഥി

അഗര്‍ത്തല : ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ഭൗമിക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി സഖ്യ സ്ഥാനാർത്ഥി. മണ്ഡ്വായി നിയമസഭാ മണ്ഡലത്തിലാണ് ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ശന്തനു കൊലക്കേസ് പ്രതി ധീരേന്ദ്ര ഡെബ്ബാർമ മൽസരിക്കുന്നത്. കേസിലെ 12 പ്രതികളിൽ ഒരാളാണ് ധീരേന്ദ്രയെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ സെപ്‌തംബര്‍ 20നാണ് ശന്തനുവിനെ ഐപിഎഫ്‌‌‌‌ടി വിഘടനവാദികള്‍ മണ്ഡ്വായിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ത്രിപുരയിലെ പ്രാദേശിക ചാനലായ ദിൻരാതിന്റെ റിപ്പോർട്ടറായ ശാന്തനു ഭൗമിക്, ഐപിഎഫ്ടി നടത്തിയ റോഡ് ഉപരോധത്തിന്റെ വാർത്ത എടുത്തശേഷം മടങ്ങിവരവെയാണ് ആക്രമണത്തിനിരയായത്. 

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ഭൗമിക്‌
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ഭൗമിക്‌

സെപ്‌തംബര്‍ 19ന് അഗര്‍ത്തലയില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പങ്കെടുത്ത ​ഗണമുക്തി പരിഷദ് പരിപാടിക്ക് നേരെ ഐപിഎഫ്‌‌‌ടി സംഘടന അക്രമം അഴിച്ചുവിട്ടിരുന്നു. അക്രമത്തില്‍ 120ഓളം പേര്‍ക്ക് പരിക്കേറ്റു. ഇത് റിപ്പോർട്ട് ചെയ്തതിന്റെ പിറ്റേദിവസമാണ് ശന്തനുവിനെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. കേസിൽ പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയോ​ഗിച്ചിരുന്നു. 12 പ്രതികളിൽ ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ശന്തനു കൊല്ലപ്പെട്ട സ്ഥലത്തുതന്നെ പ്രതിയെ മത്സരിപ്പിക്കുന്ന ബിജെപി സഖ്യത്തിന്റെ നിലപാടിനെ സിപിഎം അപലപിച്ചു. ശന്തനുവിന്റെ വീട്ടിലെത്തി അമ്മയെ സന്ദർശിച്ചശേഷം സിപിഎം പിബി അം​ഗം വൃന്ദ കാരാട്ടാണ് ബിജെപി സഖ്യത്തിന്റെ നടപടിയെ വിമർശിച്ചത്. ബിജെപിയുടെ രാഷ്ട്രീയത്തെ ജനങ്ങൾ തോൽപ്പിക്കുമെന്ന് സിപിഎം നേതൃത്വം പ്രതികരിച്ചു.  

60 അം​ഗ നിയമസഭയിൽ ഇടതുപക്ഷത്തിനെതിരെ, 51 സീറ്റില്‍ ബിജെപിയും 9 ഇടത്ത് ഐപിഎഫ്‌‌‌‌ടി വിഘടനവാദികളുമാണ് മൽസരിക്കുന്നത്. സിപിഎം 57 സീറ്റിലും, ഫോർവേഡ് ബ്ലോക്, സിപിഐ, ആർഎസ്പി എന്നിവ ഓരോ സീറ്റിലുമാണ് മൽസരിക്കുന്നത്. 2013ല്‍ മത്സരിച്ച 50 സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരുന്നു. 

ഇത്തവണ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റി സ്വന്തം ക്യാമ്പിലെത്തിച്ചാണ് ബിജെപി സ്ഥാനാർത്ഥികളാക്കിയത്.  ഫെബ്രുവരി 18നാണ് ത്രിപൂര നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മാർച്ച് മൂന്നിനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com