ഇനിയും ഉറക്കെ ചിരിക്കും; ചിരിക്കുന്നതിന് മോദിടെ അനുവാദം ആവശ്യമില്ലെന്ന് രേണുക ചൗധരി

സ്ത്രീകള്‍ക്ക് നേരെയുളള മോദിയുടെ മാനസികാവസ്ഥയാണ് അദ്ദേഹത്തിന്റെ വാക്കിലൂടെ കാണിച്ചതെന്നും കോണ്‍ഗ്രസ് എംപി കുറ്റപ്പെടുത്തി.
ഇനിയും ഉറക്കെ ചിരിക്കും; ചിരിക്കുന്നതിന് മോദിടെ അനുവാദം ആവശ്യമില്ലെന്ന് രേണുക ചൗധരി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചിരിച്ചതിന്റെ പേരില്‍ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ് എംപി രേണുകാ ചൗധരി. ചിരിക്ക് ജിഎസ്ടി ചുമത്തിയിട്ടില്ലെന്നും അത്‌കൊണ്ട് തന്നെ ചിരിക്കാന്‍ തനിക്ക് ആരുടേയും അനുമതി വേണ്ടേന്നും രേണുക പറഞ്ഞു.

സ്ത്രീകള്‍ക്ക് നേരെയുളള മോദിയുടെ മാനസികാവസ്ഥയാണ് അദ്ദേഹത്തിന്റെ വാക്കിലൂടെ കാണിച്ചതെന്നും കോണ്‍ഗ്രസ് എംപി കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ നടന്ന സംഭവത്തിന് പിന്നാലെ രാജ്യത്താകമാനമുളള സ്ത്രീകളില്‍ നിന്നും തനിക്ക് പിന്തുണ ലഭിച്ചതായും രേണുക വ്യക്തമാക്കി. 'ലാഫ് ലൈക്ക് ശൂര്‍പ്പണക' എന്ന ഹാഷ്ടാഗോടെ സ്ത്രീകള്‍ മോദിയുടെ വാക്കിനെതിരെ രംഗത്ത് വന്നതിനെ സൂചിപ്പിച്ചായിരുന്നു എംപിയുടെ മറുപടി.

'നിങ്ങള്‍ ചെയ്യുന്നത് ശരിയാണെങ്കില്‍ അതിന്റെ മാറ്റൊലി എവിടേയും കേള്‍ക്കാന്‍ കഴിയും, അതാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. എപ്പോഴാണ് എങ്ങനെയാണ് ചിരിക്കേണ്ടതെന്ന നിയമം ഒന്നുമില്ല. നിങ്ങള്‍ ചിരിക്കുക, അതിന് ജിഎസ്ടി ഒന്നുമില്ല. ഇനിയും ഉറക്കെ ചിരിക്കും. അഞ്ച് തവണ എംപിയായെന്ന് കരുതി ചിരിക്കുന്നതിന് ആരുടേയും അനുവാദമൊന്നും വേണ്ട', എംപി പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച രാജ്യസഭയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടയിലായിരുന്നു വിവാദ സംഭവം. മോദി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രേണുക ചൗധരി ഉറക്കെ ചിരിച്ചു. മോദി തന്റെ പ്രസംഗം തുടര്‍ന്നെങ്കിലും രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രേണുക ചൗധരിയെ ശാസിച്ചു. അച്ചടക്കമില്ലായ്മയും നിയന്ത്രണമില്ലാത്ത പെരുമാറ്റവും സഭയില്‍ അനുവദിക്കില്ലെന്നു പറഞ്ഞ അധ്യക്ഷന്‍ എംപിയെ രൂക്ഷമായ ഭാഷയില്‍ താക്കീതു ചെയ്തു. എന്നാല്‍ ഈ താക്കീതില്‍ രേണുക ചൗധരി തന്റെ ചിരി നിര്‍ത്തിയില്ല.

തുടര്‍ന്നായിരുന്നു മോദിയുടെ പരിഹാസം. രേണുക ചൗധരി ചിരി തുടര്‍ന്നോട്ടെയെന്നും രാമായണം സീരിയലിനും ശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത് ഇപ്പോഴാണെന്നുമായിരുന്നു മോദിയുടെ തിരിച്ചടി. ഈ വാക്കുകള്‍ ഭരണകക്ഷിയംഗങ്ങള്‍ ഡസ്‌കില്‍ ആടിച്ച് ആഘോഷിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com