പ്രതിപക്ഷം വിറളിപൂണ്ടു;  നടക്കുന്നത് വ്യാജ പ്രചരണമെന്ന് മോഹന്‍ ഭാഗവത് 

തന്റെ ബീഹാര്‍ സന്ദര്‍ശനത്തില്‍ വിറളി പൂണ്ട പ്രതിപക്ഷം വ്യാജ പ്രചരണം നടത്തുകയാണെന്ന് മോഹന്‍ ഭാഗവത്
 പ്രതിപക്ഷം വിറളിപൂണ്ടു;  നടക്കുന്നത് വ്യാജ പ്രചരണമെന്ന് മോഹന്‍ ഭാഗവത് 

പാറ്റ്‌ന: സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസിന് മൂന്ന് ദിവസം മതി എന്ന വിവാദ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കുന്ന പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തന്റെ ബീഹാര്‍ സന്ദര്‍ശനത്തില്‍ വിറളി പൂണ്ട പ്രതിപക്ഷം വ്യാജ പ്രചരണം നടത്തുകയാണെന്ന് മോഹന്‍ ഭാഗവത് ആരോപിച്ചു.

2019 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് താന്‍ ബീഹാറില്‍ സന്ദര്‍ശനം നടത്തുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഘപരിവാര്‍ ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പ്രസ്ഥാനത്തെ ശക്തമാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

യുദ്ധത്തിനായി ഒരുങ്ങാന്‍ സൈന്യത്തിന് ആറോ ഏഴോ മാസം വേണ്ടിവരുമ്പോള്‍ ആര്‍എസ്എസിന് മൂന്നു ദിവസം കൊണ്ട് അതു ചെയ്യാനാവും എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം. ബിഹാറിലെ മുസാഫര്‍പുരിലാണ് മോഹന്‍ ഭാഗവത് വിവാദ പ്രസംഗം നടത്തിയത്.

ഇതിന് പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നു. സൈന്യത്തെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ ഓരോ ഇന്ത്യക്കാരനും അപമാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചവരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശമെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഇന്ത്യക്കാരെ മുഴുവന്‍ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ പ്രസംഗമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ചവരെയാണ് ആര്‍എസ്എസ് മേധാവി അപമാനിച്ചത്. രക്തസാക്ഷികളെയും സൈന്യത്തെയും അപമാനിച്ച മോഹന്‍ ഭാഗവതിന്റെ പേരില്‍ ലജ്ജിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

മോഹന്‍ ഭാഗവതിന്റെ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ആര്‍എസ്എസ് നേതൃത്വം രംഗത്തുവന്നു. സന്ദര്‍ഭത്തില്‍നിന്നു അടര്‍ത്തിയെടുത്താണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സംഘം പ്രസ്താവനയില്‍ പറഞ്ഞു. ആവശ്യം വരികയും ഭരണഘടന അനുവദിക്കുകയും ചെയ്താല്‍ മൂന്നു ദിവസം കൊണ്ട് ആര്‍എസ്എസിനെ യുദ്ധത്തിനു സജ്ജമാക്കാന്‍ സൈന്യത്തിനു കഴിയും എന്നാണ് മോഹന്‍ ഭാഗവത് പ്രസംഗിച്ചതെന്ന് പ്രസ്താവന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com