സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രചാരണം; അതൃപ്തിയുമായി അശോക് ഗെലോട്ട്

 രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ പൈലറ്റിനെ ഉയര്‍ത്തി കാട്ടി പ്രചരണം കൊഴുക്കുന്നു
സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രചാരണം; അതൃപ്തിയുമായി അശോക് ഗെലോട്ട്

ജയ്പൂര്‍:  രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ പൈലറ്റിനെ ഉയര്‍ത്തി കാട്ടി പ്രചരണം കൊഴുക്കുന്നു. എന്നാല്‍ ഇതില്‍ അതൃപതി പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രിയും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച നേതാവുമായ അശോക് ഗെലോട്ട് രംഗത്തെത്തി.  ഇത്തരം പ്രചരണത്തില്‍ വീണ് പോയാല്‍ കൃത്യമായ ഫീഡ്ബാക്ക് ലഭിക്കില്ലെന്ന് അശോക് ഗെലോട്ട് സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കുളള മത്സരത്തില്‍ നിന്നും മാറാന്‍ താന്‍ ഒരുക്കമല്ലെന്ന വ്യക്തമായ സൂചന ഗെലോട്ട് നല്‍കിയത്.

കൂടെയുളളവര്‍ താങ്കളാണ് കോണ്‍ഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന്് പറഞ്ഞ് പ്രചരണം അഴിച്ചുവിട്ട് മായാലോകം സൃഷ്ടിക്കും. ഇതില്‍ കരുതിയിരിക്കാന്‍ അശോക് ഗെലോട്ട് സച്ചിന്‍പൈലറ്റിന് മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രചരണങ്ങള്‍ കണ്ണൂം പൂട്ടി വിശ്വാസിച്ചാല്‍ കൃത്യമായ ഫീഡ്ബാക്ക് ലഭിക്കുന്നതില്‍ പരാജയപ്പെടും. അത്തരം അവസ്ഥകളെ കുറിച്ച് മുന്‍കൂട്ടി അറിവ്  വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉപേദശിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച അശോക് ഗെലോട്ട്, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തനിക്ക് പരിഗണന വേണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന ചോദ്യത്തിന് അതെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അടുത്തിടെ നടന്ന രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിഷ്പ്രഭമാക്കി കണ്ണഞ്ചിപ്പിക്കുന്ന വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ഇതോടെ വിജയത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് ആയിരിക്കും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ പ്രചരണവും ശക്തമായി . സച്ചിന്‍ പൈലറ്റിന്റെ കടന്നുവരവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറേ സാധ്യത കല്‍പ്പിച്ചിരുന്ന അശോക് ഗെലോട്ടിന് മത്സരത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com