ത്രിപുരയില്‍ ബിജെപി വെല്ലുവിളിയല്ല ; വിഘടനവാദികളുമായി ചേര്‍ന്ന് സംസ്ഥാനത്തെ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് മണിക് സര്‍ക്കാര്‍

ആശയങ്ങളും പരിപാടികളുമായി ഇടതുപക്ഷത്തെ നേരിടാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല
ത്രിപുരയില്‍ ബിജെപി വെല്ലുവിളിയല്ല ; വിഘടനവാദികളുമായി ചേര്‍ന്ന് സംസ്ഥാനത്തെ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് മണിക് സര്‍ക്കാര്‍

അഗര്‍ത്തല : ത്രിപുരയില്‍ ബിജെപി വെല്ലുവിളിയല്ലെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുരയെ നശിപ്പിക്കാനും വിഭജിക്കാനുമാണ് ബിജെപിയുടെയും സംഘപരിവാറുകളുടെയും ശ്രമം. തെരഞ്ഞെടുപ്പില്‍ വിഘടനവാദികളുമായി കൂട്ടുചേര്‍ന്ന് മല്‍സരിക്കുന്നത് ഇതിന് തുല്യമാണ്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ വിജയം സുനിശ്ചിതമാണെന്നും മണിക് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. 

ത്രിപുരയില്‍ മാണിക്യത്തിന് പകരം ഇനി വജ്രം വരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെയും മണിക് സര്‍ക്കാര്‍ വിമര്‍ശിച്ചു. ആശയങ്ങളും പരിപാടികളുമായി ഇടതുപക്ഷത്തെ നേരിടാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. അതിനാലാണ് വ്യക്തിപരമായ ആക്രമണം നടത്തുന്നത്. 

ത്രിപുരയില്‍ ഭരണവിരുദ്ധ വികാരമില്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇക്കാര്യം ജനങ്ങള്‍ക്കും ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ബിജെപിയുടെ കുപ്രചരണങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. 

അടുത്ത ഞായറാഴ്ചയാണ് ത്രിപുര നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍. 60 അംഗ സഭയിലേക്ക് സിപിഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീവ അടങ്ങിയ ഇടതുമുന്നിയാണ് ജനവിധി തേടുന്നത്. ബിജെപിയും ഐപിഎഫ്ടിയും ചേര്‍ന്ന സഖ്യമാണ് പ്രധാന എതിരാളികള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com