എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അരുണാചല്‍ പ്രദേശിന് 18,000 കോടിയുടെ പദ്ധതികളും മോദി പ്രഖ്യാപിച്ചു
എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാനഗര്‍ : രാജ്യത്ത് എല്ലാവര്‍ക്കും മികച്ചതും പ്രാപ്യവുമായ ആരോഗ്യസുരക്ഷ ഒരുക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുഷ്മാന്‍ ഭാരത് പദ്ധതി ഇതിന്റെ ഭാഗമായാണ് ആവിഷ്‌കരിച്ചത്. ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണമാണ് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൂന്നുമണ്ഡലങ്ങളില്‍ ഒരു മെഡിക്കല്‍ കോളേജ് വീതമെങ്കിലും നിര്‍മ്മിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് എല്ലായിടത്തും മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാകുന്നതോടെ എല്ലാവര്‍ക്കും മികച്ച ആരോഗ്യപരിചരണം ലഭ്യമാകും. കൂടാതെ, അതത് ഇടങ്ങളില്‍ തന്നെ കുട്ടികള്‍ക്ക് പഠനത്തിന് സൗകര്യം ലഭിക്കും. ഇത് പ്രാദേശികമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാകും. ഹൃദയ ശസ്തര്ക്രിയയുമായി ബന്ധപ്പെട്ട സ്റ്റെന്റുകള്‍ക്ക് സര്‍ക്കാര്‍ വില കുറച്ചു. ഇത് പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഏറെ ആശ്വാസകരമാകുമെന്ന് മോദി പറഞ്ഞു.

അരുണാചല്‍ പ്രദേശിന് നിരവധി പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നും അരുണാചലിലെ നഹര്‍ലാഗന്‍ വരെ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആഴ്ചയില്‍ രണ്ടുദിവസമാകും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. അരുണാചല്‍ പ്രദേശിന് 18,000 കോടിയുടെ പദ്ധതികളും മോദി പ്രഖ്യാപിച്ചു. 

വടക്കുകിഴക്കന്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത അവസാന പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ്. അതിനുശേഷം വന്നവര്‍ എല്ലാവരും ജോലിത്തിരക്ക് ചൂണ്ടിക്കാട്ടി കൗണ്‍സില്‍ യോഗത്തില്‍ നിന്നും വിട്ടിനില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ താന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. ഈ മേഖലയിലെ വികസനം സര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്നു എന്നതിന് തെളിവാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത നടപടി. വികസനത്തില്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോദി ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com