ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം ഗുജറാത്ത് സര്‍ക്കാര്‍ തടഞ്ഞു 

ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ കടുത്ത ശിക്ഷ നടപടികളിലേക്ക് നീങ്ങാതെ ഗുജറാത്ത് സര്‍ക്കാര്‍
ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം ഗുജറാത്ത് സര്‍ക്കാര്‍ തടഞ്ഞു 

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ കടുത്ത ശിക്ഷ നടപടികളിലേക്ക് നീങ്ങാതെ ഗുജറാത്ത് സര്‍ക്കാര്‍. വിചാരക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കമാണ് തടഞ്ഞിരിക്കുന്നത്. 14 പ്രതികളെ വെറുതെവിട്ടതിന് എതിരേയും 11 പ്രതികളുടെ ജീവപര്യന്തം ശിക്ഷ വധശിക്ഷയാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട് അനുമതി ചോദിച്ചത്. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് കത്ത് നല്‍കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹൈക്കോടതിയിലേക്ക് നീങ്ങുന്നത് തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരുപേജ് ഉത്തരവ് ലഭിച്ചുവെന്ന് അന്വേഷണസംഘത്തിലെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണ സംഘത്തിന് കോടതിയിലേക്ക് നീങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

2016ല്‍ വിചാരണക്കോടതി കേസില്‍ 24പേര്‍ കുറ്റക്കാരാണെന്നും 36പേര്‍ നിരപരാധികളാണെന്നും കണ്ടെത്തിയിരുന്നു. 11പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോള്‍ ഒരാള്‍ക്ക് പത്തുവര്‍ഷം തടവും 12പേര്‍ക്ക് ഏഴുവര്‍ഷം തടവും വിധിച്ചിരുന്നു. എന്നാല്‍ ഇത് അപര്യാപ്തപമായ ശിക്ഷയാണ് എന്നു ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി ചോദിച്ചത്. 

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിഷേധ ഉത്തര് ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇപ്പോള്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. 

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ചമന്‍പുരയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഹിന്ദുക്കളുടെ ഒരുകൂട്ടം ആക്രമണം നടത്തുകയായിരുന്നു. 20,000ത്തോളം വരുന്ന ആള്‍ക്കൂട്ടം മുസ്‌ലിംകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍  കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രി അടക്കമുള്ള 69 മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. ഗോദ്രാ തീവണ്ടി തീവയ്പ്പില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസമായിരുന്നു ആക്രമണം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com