നീരവിനെ പ്രധാനമന്ത്രിയുടെ ദാവോസ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കേന്ദ്രം; 1300 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി

മോദി സ്വിറ്റ്‌സര്‍ലണ്ടില്‍ ലോക സാന്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ ഔദ്യോഗിക സംഘത്തില്‍ നീരവിനെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്
നീരവിനെ പ്രധാനമന്ത്രിയുടെ ദാവോസ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കേന്ദ്രം; 1300 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി


ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട 11,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ വജ്രവ്യാപാരി നീരവ് മോദിയുമൊത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോട്ടോയ്ക്ക് പോസ് ചെയ്ത വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍.  മോദി സ്വിറ്റ്‌സര്‍ലണ്ടില്‍ ലോക സാന്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ ഔദ്യോഗിക സംഘത്തില്‍ നീരവിനെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മോദിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത നീരവ് 
സ്വന്തം നിലയില്‍ ദാവോസില്‍ എത്തുകയായിരുന്നു. ഇതുസംബന്ധിച്ച കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.  

അതേസമയം നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിന് പുറമേ നീരവ് മോദിയുടെ 1300 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയതായും വജ്രവ്യാപാരിക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. 

നീരവ് മോദിയെ ചോട്ടാ മോദിയായി വിശേഷിപ്പിച്ച കോണ്‍ഗ്രസ് നിലപാട് ലജ്ജാകരമാണ്. നെഹ്‌റു പാരമ്പര്യം മാനിച്ചെങ്കിലും ഇത്തരം പരാമര്‍ശം നടത്തിയത് ശരിയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

നീരവ് മോദിയെ രാജ്യം വിടാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി ഉണ്ടാവും. 
കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് നേരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോഴല്ലേ വിജയ് മല്യയെ കോണ്‍ഗ്രസ് സഹായിച്ചതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. കോമണ്‍വെല്‍ത്ത് അഴിമതി,ടൂ ജി സ്‌പെക്ട്രം അഴിമതി, ആദര്‍ശ് കുംഭകോണം എന്നിവയെല്ലാം ഉണ്ടായത് കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴല്ലേയെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com