നീരവ് മോദിയും കുടുംബവും നാടുവിട്ടത് ജനുവരി ഒന്നിന് ; കേസിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചതായി സൂചന

പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രമുഖ വജ്ര വ്യവസായി നീരവ് മോദിയും കുടുംബവും നാടുവിട്ടതായി വെളിപ്പെടുത്തല്‍
നീരവ് മോദിയും കുടുംബവും നാടുവിട്ടത് ജനുവരി ഒന്നിന് ; കേസിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചതായി സൂചന

മുംബൈ: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് പുറത്തുവരുന്നതിന് മുന്‍പ് തന്നെ പ്രമുഖ വജ്ര വ്യവസായി നീരവ് മോദിയും കുടുംബവും നാടുവിട്ടതായി വെളിപ്പെടുത്തല്‍. 280 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിന് തുടര്‍ന്ന് ജനുവരി 29 ന് പഞ്ചാബ് നാഷണല്‍ ബാങ്ക് സിബിഐക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് തന്നെ നീരവ് മോദിയും കുടുംബവും രാജ്യംവിട്ടതായാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വെളിപ്പെടുത്തിയത്. നീരവ് മോദി ജനുവരി ഒന്നിനാണ് നാടുവിട്ടത്. ഇതോടെ കേസിനെ സംബന്ധിച്ച് നീരവ് മോദിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായുളള റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ശക്തിപകരുകയാണ്. 

നീരവ് മോദിയുടെ ബെല്‍ജിയം പൗരത്വമുളള സേേഹാദരന്‍ നിഷാല്‍ ജനുവരി ഒന്നിന് തന്നെയാണ് ഇന്ത്യ വിട്ടത്. നീരവ് മോദിയുടെ അമേരിക്കക്കാരിയായ ഭാര്യയും ,ഗീതാഞ്ജലി ജുവല്ലറി ചെയിനിന്റെ പ്രൊമോട്ടര്‍ മെഹുള്‍ ചോക്ക്‌സിയും ജനുവരി ആറിന് ഇന്ത്യക്ക് പുറത്തേയ്ക്ക് കടന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ നാലുപേര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കുറ്റാരോപിതരുടെ വരവും പോക്കും നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളിലും ഏജന്‍സി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

280 കോടി രൂപയുടെ തട്ടിപ്പിന് പുറമേ  കഴിഞ്ഞദിവസവും പിഎന്‍ബി സിബിഐക്ക് രണ്ട് പരാതികള്‍ കൂടി നല്‍കിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി 11400 കോടി രൂപയാണെന്നതാണ് ഈ പരാതികളുടെ ഉളളടക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com