നീരവ് മോദിയുടെ ജുവല്ലറിയില്‍ രാഹുല്‍ പോയത് എന്തിന് ?കോണ്‍ഗ്രസിനെ അതേനാണയത്തില്‍ തിരിച്ചടിച്ച് ബിജെപി 

സാമ്പത്തികതട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ബിജെപി
നീരവ് മോദിയുടെ ജുവല്ലറിയില്‍ രാഹുല്‍ പോയത് എന്തിന് ?കോണ്‍ഗ്രസിനെ അതേനാണയത്തില്‍ തിരിച്ചടിച്ച് ബിജെപി 

ന്യൂഡല്‍ഹി: വജ്ര വ്യവസായി നീരവ് മോദി ഉള്‍പ്പെട്ട  പഞ്ചാബ് നാഷണല്‍ ബാങ്കിലെ 12000 കോടി രൂപയുടെ സാമ്പത്തികതട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ബിജെപി. സാമ്പത്തിക തട്ടിപ്പ് ആരംഭിച്ചത് 2011 ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്താണെന്നത് മനപൂര്‍വ്വം വിസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചുമലില്‍ കുറ്റം മുഴുവന്‍ ചാര്‍ത്തുകയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി ആരോപിക്കുന്നു.  ഇതിന് പുറമേ 2013ല്‍ ഡല്‍ഹി ഹോട്ടലില്‍ സംഘടിപ്പിച്ച നീരവ് മോദിയുടെ ബ്രൈഡല്‍ ജുവല്ലറി പരിപാടിയില്‍  രാഹുല്‍ ഗാന്ധിയും പങ്കെടുത്തതായി, ദാവോസില്‍ നരേന്ദ്രമോദിയും നീരവ് മോദിയും വേദി പങ്കിട്ടു എന്ന ആരോപണത്തിന് മറുപടിയായി ബിജെപി നേതാവ് അമിത് മാള്‍വിയ തെളിവുസഹിതം നിരത്തി.

ബാങ്കിങ് മേഖലയില്‍ സുതാര്യത ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന വ്യവസ്ഥകളാണ് സിബിഐയും സെബിയെയും പരാതിയുമായി സമീപിക്കാന്‍ പിഎന്‍ബി ബാങ്കിനെ  പ്രേരിപ്പിച്ചത്.  അതുകൊണ്ടാണ് 2011 മുതല്‍ നടന്ന തട്ടിപ്പ് ഇപ്പോള്‍ പുറത്തുവന്നതെന്നും അമിത് മാള്‍വിയ ട്വിറ്ററില്‍ കുറിച്ചു. 

 2011 ലാണ് സാമ്പത്തിക തട്ടിപ്പ് ആരംഭിച്ചതെന്ന് പിഎന്‍ബി എംഡി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 2018 ജനുവരിയിലാണ് ഇത് കണ്ടെത്തിയതെന്നും എംഡി സമ്മതിച്ചു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ആരോപണം.

 പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് 2011 ലാണ് ആരംഭിച്ചതെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഷെഹ്‌സാദ് പൂനാവാലയും ആരോപിച്ചു. 2013 ല്‍ നീരവ് മോദിയുടെ ബ്രൈഡല്‍ ജുവല്ലറി പരിപാടിയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തതായും പൂനാവാല ട്വിറ്ററില്‍ സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com