മതവികാരത്തിന്റെ പേരില്‍ അക്രമം അനുവദിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

മതപരമായ പ്രകോപനം കൊലപാതകത്തെ ന്യായീകരിക്കാനുള്ള കാരണമായി മാറരുതെന്ന് സുപ്രിം കോടതി
മതവികാരത്തിന്റെ പേരില്‍ അക്രമം അനുവദിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: മതപരമായ പ്രകോപനത്തെത്തുടര്‍ന്ന് കൊലപാതകം നടത്തിയ പ്രതികള്‍ക്കു ജാമ്യം നല്‍കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി റദ്ദു ചെയ്ത സുപ്രിം കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ചു. മതപരമായ പ്രകോപനം കൊലപാതകത്തെ ന്യായീകരിക്കാനുള്ള കാരണമായി മാറരുതെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മുഹ്‌സിന്‍ ഷെയ്ക്ക് എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് സുപ്രിം കോടതി നടപടി. കേസിലെ പ്രതികളായ വിജയ് ഗംഭീരെ, ഗണേഷ് യാദവ്, അജയ് ലാല്‍ഗെ എന്നിവര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. മതപരമായ പ്രകോപനത്തെ തുടര്‍ന്നാണ് കൊലപാതകമെന്നും പ്രതികള്‍ മറ്റു ക്രിമിനല്‍ റെക്കോഡ് ഉള്ളവര്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവര്‍ക്കു ജാമ്യം നല്‍കിയത്. ഇതര മതക്കാരന്‍ ആയതുകൊണ്ടു മാത്രമാണ് മുഹസിന്‍ ഷെയ്ഖ് വധിക്കപ്പെട്ടതെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ ഷെയ്ക്കിന്റെ സഹോദരനാണ് സുപ്രിം കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയ വിധി റദ്ദാക്കിയ സുപ്രിം കോടതി ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. മതപരമായ പ്രകോപനം എന്നത് കൊലപാതകത്തിന് ന്യായീകരണമായി എങ്ങനെ കാണാനാവുമെന്ന് ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെയും എല്‍ നാഗേശ്വര്‍ റാവുവും ഉള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. ഒരു മതത്തോടുള്ള വിവേചനമായി മാത്രമേ ഈ പരാമര്‍ശങ്ങളെ കാണാനാവൂ.- ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രതികളുടെ ജാമ്യം റദ്ദാക്കിയ സുപ്രിം കോടതി മൂന്നു പേരെയും എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com