മുതലാളിയുടെ ഭാര്യയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു; ആക്രമണത്തില്‍ മുപ്പത്കാരന് കാഴ്ച നഷ്ടപ്പെട്ടു

ബറൗനി ഗ്രാമത്തില്‍ ട്രാക്റ്റര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന യുവാവിന് മുതലാളിയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു
മുതലാളിയുടെ ഭാര്യയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു; ആക്രമണത്തില്‍ മുപ്പത്കാരന് കാഴ്ച നഷ്ടപ്പെട്ടു


മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ ആക്രമിച്ച് കണ്ണില്‍ സിറിഞ്ച് ഉപയോഗിച്ച് ആസിഡ് കുത്തിവെച്ചു. ബിഹാറിലെ പിപ്ര ചൗകില്‍ വെള്ളിയാഴ്ച രാത്രിയിലാണ് ആക്രമണം അരങ്ങേറിയത്. ഒരു കൂട്ടം പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതിന് ശേഷം കണ്ണിലേക്ക് ആസിഡ് കുത്തിവെക്കുകയായിരുന്നെന്ന്  പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ യുവാവിന് കാഴ്ച നഷ്ടപ്പെട്ടു. 

സമസ്തിപൂര്‍ ജില്ലയില്‍ നിന്നുള്ള 30 വയസുകാരനാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാഴ്ച നഷ്ടപ്പെട്ടിരുന്നു. ബറൗനി ഗ്രാമത്തില്‍ ട്രാക്റ്റര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന യുവാവിന് മുതലാളിയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. ഫെബ്രുവരി ആറിന് ഇയാള്‍ കാമുകിയുമായി നാടുവിട്ടു. തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 16 ന് തെഗ്രയിലെ പ്രാദേശിക കോടതിയില്‍ ഹാജരായ യുവതി തന്റെ ഭര്‍ത്താവിനൊപ്പം പോകണമെന്ന് പറഞ്ഞു. 

ഇതിന് ശേഷം വെള്ളിയാഴ്ച യുവതിയുടെ സഹോദരന്‍ യുവാവിനെ വിളിച്ച് സഹോദരിക്ക് നിങ്ങളോടൊപ്പം താമസിക്കാനാണ് താല്‍പ്പര്യമെന്നും തെഗ്ര പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നും അറിയിച്ചു. ഇത് കേട്ട് പൊലീസ് സ്റ്റേഷനിലേക്ക് വന്ന യുവാവിനെ വഴിമദ്ധ്യേ തടഞ്ഞുനിര്‍ത്തി 20 ഓളം പേര്‍ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സിറിഞ്ച് ഉപയോഗിച്ച് യുവാവിന്റെ കണ്ണിലേക്ക് ആസിഡ് കുത്തിവെച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com