കാനഡയിലെത്തിയപ്പോൾ സ്വീകരിക്കാൻ ട്രൂഡോ വന്നില്ല ; കാനഡ പ്രധാനമന്ത്രിയെ തഴഞ്ഞ് നരേന്ദ്രമോദി

മറ്റൊരു രാഷ്ട്രനേതാവ് ഇന്ത്യയിലെത്തുമ്പോൾ ട്വിറ്ററിലൂടെ സ്വാ​ഗതം ചെയ്യുന്ന പതിവും മോദി ഇക്കുറി തെറ്റിച്ചു
കാനഡയിലെത്തിയപ്പോൾ സ്വീകരിക്കാൻ ട്രൂഡോ വന്നില്ല ; കാനഡ പ്രധാനമന്ത്രിയെ തഴഞ്ഞ് നരേന്ദ്രമോദി

ന്യൂ​ഡ​ൽ​ഹി: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ കാര്യം അറിഞ്ഞഭാവം പോലും വെയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റു രാഷ്ട്രത്തലവന്മാർ ഇന്ത്യയിലെത്തുമ്പോൾ സ്വീകരിക്കാനും, പര്യടനത്തിൽ കഴിയുന്നത്ര സമയം ഒരുമിച്ച് ചെലവഴിക്കാനും സമയം കണ്ടെത്തുന്ന മോദി ഇതുവരെ ട്രൂഡോയെ കാണാനെത്തിയില്ല. മറ്റൊരു രാഷ്ട്രനേതാവ് ഇന്ത്യയിലെത്തുമ്പോൾ ട്വിറ്ററിലൂടെ സ്വാ​ഗതം ചെയ്യുന്ന പതിവും മോദി ഇക്കുറി തെറ്റിച്ചു. 

ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഡ​ൽ​ഹി​യി​​ലെ​ത്തി​യ​ത്.  ട്രൂഡോയെ സ്വീ​ക​രിക്കാനെത്തിയതാകട്ടെ കൃ​ഷി സ​ഹ​മ​ന്ത്രി ഗ​ജേ​ന്ദ്ര ശെ​ഖാ​വ​ത്. മറ്റു രാഷ്ട്ര തലവന്മാർ ഇന്ത്യയിലെത്തുമ്പോൾ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നേരിട്ടെത്താറുണ്ടായിരുന്നു. എന്നാൽ ട്രൂഡോയെ സ്വീകരിക്കാൻ ക്യാബിനറ്റ് മന്ത്രിയെപ്പോലും അയച്ചില്ല. 

സ്വന്തം നാടായ ​ഗുജറാത്ത് കാനഡ പ്രധാനമന്ത്രി സന്ദർശിച്ചപ്പോഴും നരേന്ദ്രമോദി പോയില്ല. ആ സമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിലേക്ക് പോകാനാണ് മോദി താൽപ്പര്യം കാട്ടിയത്. നേരത്തെ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ, ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമി​ൻ നെ​ത​ന്യാ​ഹു എ​ന്നി​വ​ർ ഗു​ജ​റാ​ത്ത്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മു​ഴു​സ​മ​യ​വും മോ​ദി അ​ക​മ്പ​ടി ഉ​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച ജസ്റ്റിൻ ട്രൂഡോയും കുടുംബവും  താ​ജ്​​മ​ഹ​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന്​ എത്തിയപ്പോൾ സ്വീ​ക​രി​ക്കാ​ൻ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാഥും പോ​യി​ല്ല. 

ജസ്റ്റിൻ ട്രൂഡോയും കുടുംബവും താജ്മഹലിന് മുന്നിൽ
ജസ്റ്റിൻ ട്രൂഡോയും കുടുംബവും താജ്മഹലിന് മുന്നിൽ

2016ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കാ​ന​ഡ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ജസ്റ്റിൻ ട്രൂഡോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ ചെ​ന്നി​രു​ന്നി​ല്ല. നരേന്ദ്രമോദിയെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ ജൂ​നി​യ​ർ മ​ന്ത്രി​യെ​യാ​ണ്​ അ​യ​ച്ച​ത്. ഇതിന് മറുപടിയാണ് നരേന്ദ്രമോദിയുടെ പ്രവൃത്തിയെന്നാണ് ആക്ഷേപം. 

എന്നാൽ കനേഡിയൻ പ്ര​ധാ​ന​​മ​ന്ത്രി​യെ ഇ​ക​ഴ്​​ത്തി​ക്കാ​ണി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. കാ​ന​ഡ​യി​ലെ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പ്രസിദ്ധീകരിച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാണ് വിശദീകരണം. രാ​ജ്യം സ​ന്ദ​ർ​ശി​ക്കു​ന്ന അ​തി​ഥി​ക്കൊ​പ്പം എ​ല്ലാ​യി​ട​ത്തും പോ​കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. കനേഡിയൻ പ്ര​ധാ​ന​മ​ന്ത്രി​യും ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വെ​ള്ളി​യാ​ഴ്​​ച ഒൗ​പ​ചാ​രി​ക ച​ർ​ച്ച നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെന്നും സർക്കാർ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com